കാൻസറിന് വരെ കാരണമാകുന്ന ബെൻസോയ്ക് ആസിഡാണ് മീൻ അഴുകാതിരിക്കാൻ ഉപയോഗിക്കുന്നതെന്നും പരിശോധനയില്‍ വ്യക്തമായി.

കൊച്ചി: സംസ്ഥാനത്ത് പഴകിയ മീനുകള്‍ വ്യാപകമായി വില്‍പ്പനക്കെത്തുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ 32,000 കിലോഗ്രാം മീനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തത്. കാൻസറിന് വരെ കാരണമാകുന്ന ബെൻസോയ്ക് ആസിഡാണ് മീൻ അഴുകാതിരിക്കാൻ ഉപയോഗിക്കുന്നതെന്നും പരിശോധനയില്‍ വ്യക്തമായി.

എറണാകുളം വൈപ്പിനില്‍ ഇന്ന് പുലര്‍ച്ചെ പിടികൂടിയ മീനിന് ചുരുങ്ങിയത് ഒരു മാസത്തെ പഴക്കമെങ്കിലും ഉണ്ടെന്ന് കരുതുന്നു. 4000 കിലോയിലേറെ വരുന്ന ചൂരയും ഓലക്കുടിയുമാണ് പിടിച്ചെടുത്തത്. തമിഴ്നാട്ടില്‍ നിന്നെത്തിയ ബോട്ടില്‍നിന്ന് വൈപ്പിൻ സ്വദേശിയായ ഷാജിയെന്നയാളാണ് മീൻ വാങ്ങിയത്. കണ്ടെയ്നര്‍ ലോറിയില്‍ മൂവാറ്റുപുഴ, തൊടുപുഴ ഭാഗങ്ങളിലേക്ക് മീൻ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.

തൃശ്ശൂര്‍ കുന്നംകുളം മാര്‍ക്കറ്റില്‍നിന്ന് ഇന്ന് പിടികൂടിയത് 1400 കിലോഗ്രാം മീനാണ്. ശക്തൻ മാര്‍ക്കറ്റില്‍നിന്ന് 100 കിലോ അഴുകിയ ചെമ്മീനും പിടിച്ചെടുത്തു. കോട്ടയത്ത് 600 കിലോയും മലപ്പുറത്ത് 450 കിലോ പഴകിയ മീനും ഇത്തരത്തില്‍ പിടികൂടിയിരുന്നു. പഴകിയ മീനെന്ന സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് കൂടത്തായിയില്‍ മീൻ സംഭരണ കേന്ദ്രം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടി സീല്‍ ചെയ്തു. 32000 കിലോ പഴകിയ മീനാണ് ഇതുവരെ സംസ്ഥാനത്ത് പിടികൂടിയത്. ഇന്നലെ മാത്രം 17000 കിലോയും.