തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ഒൻപത് പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. നാല് ജീവനക്കാർക്കും അഞ്ച് തടവുകാർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലാ ജയിലിലെ 36 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 130 പേരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇന്നലെ വരെ 477 പേർക്കാണ് പൂജപ്പുര ക്ലസ്റ്ററിൽ രോഗം സ്ഥിരീകരിച്ചിരുന്നത്. 

ആഗസ്റ്റ് 11-നാണ് ആദ്യമായി പൂജപ്പുര ജയിലിൽ ഒരു തടവുകാരന് രോഗം സ്ഥിരീകരിച്ചത്. 72-കാരനായ ഈ ജയിൽ പുള്ളി ഞായറാഴ്ച മരിച്ചു. തുടർന്ന് പി ബ്ലോക്ക് ഏഴിലെ മുഴുവൻ തടവുകാരെയും പരിശോധനയ്ക്ക് വിധേയരാക്കി. ഓഗസ്റ്റ് 12ന് നടത്തിയ ഈ പരിശോധനയിൽ 59 തടവുകാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

 ഓഗസ്റ്റ് 14-ന് ജയിൽ ആസ്ഥാനം ശുചീകരിക്കാനെത്തിയ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നു. ഇതേ തുടർന്ന് ജയിൽ ആസ്ഥാനം അടച്ചു. ഓഗസ്റ്റ് 16ന്  145 തടവുകാർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഓഗസ്റ്റ് 17 ആയപ്പോൾ ജയിലിൽ ആകെ രോഗികൾ 477 ആയി.