അറസ്റ്റിലായ 4 പേരിൽ രണ്ട് പേർ പാലക്കാട് ചിറ്റൂർ സ്വദേശികളാണ്.
ചെന്നൈ: കൊച്ചി സേലം ദേശീയപാതയിൽ മലയാളി യാത്രക്കാർക്ക് നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം. പത്തിലധികം വരുന്ന അക്രമികളിൽ നിന്ന് തലനാരിഴക്കാണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലംസിദ്ദിഖും ചാൾസും രക്ഷപ്പെട്ടത്. കേസിൽ മധുക്കര പൊലീസ് നാല് പാലക്കാട്ടുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊച്ചിയിൽ നടത്തുന്ന ഡിസൈൻ കടയ്ക്ക് വേണ്ട ലാപ്ടോപ് ഉൾപെടെയുള്ള സാധനങ്ങൾ വാങ്ങി ബെംഗളൂരുവിൽ നിന്ന് മടങ്ങുകയായിരുന്നു അസ്ലം സിദ്ദിഖും സ്നേഹിതൻ ചാൾസും കടയിലെ രണ്ട് ജീവനക്കാരും. മൂന്ന് വാഹനങ്ങളിലായെത്തിയ അക്രമിസംഘം കാർ തടഞ്ഞതും ചില്ല് തകർത്തതുമൊക്കെ പെട്ടെന്നായിരുന്നു. മനസാന്നിധ്യം വീണ്ടെടുത്ത് കാർ പെട്ടെന്നെ് ഓടിച്ചു പോയതുകൊണ്ട് ജീവൻ രക്ഷപ്പെട്ടെന്ന് ദീർഘനിശ്വാസത്തോടെ പറയുന്നു അസ്ലം സിദ്ദിഖും ചാൾസും.
പരാതി കേൾക്കാനും നടപടിയെടുക്കാനുമൊക്കെ മധുക്കര പൊലീസ് കാണിച്ച ജാഗ്രതയും കരുതലും നാട്ടിലെത്തി സംഭവം അറിയിക്കാൻ പോയ്പോൾ കുന്നത്തുനാട് പൊലീസ് കാട്ടിയില്ലെന്ന് ഇവർക്ക് പരാതിയുണ്ട്. ഈ ആക്ഷേപം അന്വേഷിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക് റൂറൽ എസ് പി നിർദേശം നൽകിയിട്ടുണ്ട്. കാറിൽ പണമുണ്ടെന്ന് കരുതിയുള്ള മോഷണശ്രമമെന്നാണ് മധുക്കര പൊലീസ് കരുതുന്നത്. ഇനിയും പിടികൂടാനുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്,

