കണ്ണൂര്‍:  വാഹനപരിശോധനയ്ക്കിടെ പൊലീസുമായി തര്‍ക്കവും വാക്കേറ്റവും പിടിവലിയും നടത്തിയതിന് നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ വളപട്ടണത്താണ് സംഭവം. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് പുകവലിച്ചതിന് ഒരാള്‍ക്ക് പിഴയിട്ടതിനെ ചോദ്യം ചെയ്‍തതാണ് പിടിവലിയില്‍ കലാശിച്ചത്.

റോഡിൽ വാഹനം നിർത്തി ഗതാഗതം തടസ്സപ്പെടുത്തിയുള്ള പരിശോധന ചിലർ ചോദ്യം ചെയ്തു. ഇതോടെ പുകവലിച്ചയാളെയും പൊലീസിനെ ചോദ്യം ചെയ്തവരെയും പൊലീസ് ബലമായി പിടികൂടുകയായിരുന്നു. പൊലീസ് വലിച്ചിഴക്കുന്നതും യുവാക്കൾ ഇത് ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. 

കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളാണ് യുവാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നിഷാദ്, ഇർഷാദ്, മിൻഹാജ്, നവാബ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. 

"