തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചികിത്സ നിലച്ച സാഹചര്യം പരിഹരിക്കാൻ സർക്കാർ ഇടപെടല്‍.  കുടിശിക തീർക്കാൻ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് 40 കോടി രൂപ അനുവദിച്ചു. ചിസ് പ്ലസ് പദ്ധതിയുടെ കുടിശികയുടെ ഒരു ഭാഗമാണ് ഇപ്പോൾ അനുവദിച്ചത്. സംഭവം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി. 

കാരുണ്യ, ആർഎസ്ബിഐ പദ്ധതികളിലെ തുക ഇനിയും അനുവദിച്ചിട്ടില്ല. വന്‍തുക കുടിശിക ആയതിനാല്‍ ഉപകരണങ്ങളും മരുന്നും നല്‍കുന്നത് വിതരണക്കാര്‍ നിര്‍ത്തിയതിന് പിന്നാലെ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിച്ചിരുന്ന കാത് ലാബ് അടച്ചുപൂട്ടിയിരുന്നു. ഹൃദയശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്‍റ്, പെയ്സ്മേക്കര്‍ തുടങ്ങിയവ അടക്കമുള്ള സാധനങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നല്‍കുന്നത് കഴിഞ്ഞ പത്ത് മുതല്‍ വിതരണക്കാര്‍ നിര്‍ത്തിയിരുന്നു. 

കാരുണ്യ, ആര്‍എസ്ബിവൈ തുടങ്ങിയ പദ്ധതികളില്‍ മരുന്നും സ്റ്റെന്‍റും വാങ്ങിയ ഇനത്തില്‍ 18 കോടിയോളം രൂപ കുടിശികയായതോടെയായിരുന്നു വിതരണക്കാരുടെ നടപടി. സ്റ്റോക്കുള്ള സാധനങ്ങള്‍ ഉപയോഗിച്ചായിരുന്നു കാത്ത് ലാബ് പ്രവര്‍ത്തിച്ചിരുന്നത്. നിര്‍ധന രോഗികള്‍ക്ക് ആശ്വാസമായിരുന്ന കാത് ലാബ് അടച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.