തിരുവനന്തപുരം: പരമ്പരാഗത വ്യവസായമായ കൈത്തറി മേഖലയ്ക്ക് 41 കോടി അനുവദിച്ചു. സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം കൂലി ഇനത്തില്‍ 30 കോടിയും ഉല്‍പാദന ആനുകൂല്യമായി 4.2 കോടിയും റിബേറ്റ് ഇനത്തില്‍ 6.8 കോടിയുമാണ് അനുവദിച്ചത്. തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് ജില്ലാവ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍മാര്‍ തുക നിക്ഷേപിക്കും.

കൊവിഡ് സാഹചര്യത്തില്‍ തൊഴിലില്ലാതായി പ്രതിസന്ധിയിലായ നെയ്ത്തു തൊഴിലാളികള്‍ക്കും കൈത്തറി സഹകരണ സംഘങ്ങള്‍ക്കും വലിയ ആശ്വാസമാണ് സര്‍ക്കാര്‍ നടപടി. സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം നെയ്ത തൊഴിലാളികള്‍ക്ക് കഴിഞ്ഞ ഡിസംബര്‍ മുതല്‍ മാര്‍ച്ചു മാസം വരെയുള്ള കൂലിയാണ് നല്‍കിയത്. അടുത്ത ദിവസം മുതല്‍ തൊഴിലാളികളുടെ കൈകളില്‍ തുക എത്തും. റിബേറ്റ് തുക ലഭിച്ചതോടെ തൊഴിലാളികള്‍ക്ക്  ഓണത്തിന് ബോണസും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടെ നല്‍കാന്‍ കൈത്തറി സഹകരണ സംഘങ്ങള്‍ക്കാകും.

കൈത്തറി മേഖലയുടെ സംരക്ഷണത്തിന് നടപ്പാക്കിയ സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ നാല് വര്‍ഷം  നെയ്തു തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ 172 കോടി രൂപ നല്‍കി. 126 ലക്ഷം മീറ്റര്‍ തുണിയാണ് നെയ്‌തെടുത്തത്. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള യൂണിഫോം തുണി നെയ്യാന്‍ നൂലിന്റെ വിതരണവും ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍യൂണിഫോമിനു ആവശ്യമായ നൂല്‍ സംസ്ഥാനത്തെ സ്പിന്നിങ് മില്ലുകളില്‍ തന്നെ ഉല്‍പ്പാദിപ്പിച്ചതിലൂടെ സ്പിന്നിങ് മില്ലുകളുടെ സംരക്ഷണം ഉറപ്പാക്കാനും സര്‍ക്കാരിനായി.