വയനാട്: ആൻറിജൻ പരിശോധനയിൽ 42 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിൽ കൊവിഡ് ആശങ്ക വർധിക്കുന്നു. 95 പേരെ പരിശോധിച്ചതിലാണ് 42 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 100 പേരെ കൂടി പരിശോധിക്കും. 3 മെഡിക്കൽ സംഘങ്ങളാണ് വാളാട് കേന്ദ്രീകരിച്ച് പരിശോധന തുടരുന്നത്.

മരണാനന്തര ചടങ്ങിൽ പങ്കെടുത്ത രണ്ട് കുടുംബങ്ങളിലെ ഏഴ് പേർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആന്‍റിജൻ പരിശോധനയിലാണ് ഇവര്‍ക്കും രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച ആളുടെ സംസ്കാര ചടങ്ങിനെത്തിയവരിലാണ് രോഗ ലക്ഷണം കണ്ടെത്തിയത്. ഇവരിൽ പലരും സമീപത്തെ വിവാഹ ചടങ്ങിലും പങ്കെടുത്തു. 40 ഓളം പേർക്ക് പനി ലക്ഷണമുണ്ടായിരുന്നു. ഇതോടെയാണ് കൂടുതൽ പേരുടെ ആൻ്റിജൻ പരിശോധന ആരോഗ്യ വകുപ്പ് ആരംഭിച്ചത്.
 

Read Also: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്...