തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ സംസ്ഥാനത്ത് ആശങ്ക ഇരട്ടിപ്പിച്ച് സമ്പര്‍ക്ക കണക്കില്‍ വര്‍ധനവ്. ഇന്ന് രോഗം സ്ഥിരീകരിച്ച 435 പേരില്‍ 206 പേരും സമ്പര്‍ക്കത്തിലൂടെയാണ്. ഇതോടെ സംസ്ഥാനത്ത് സമ്പര്‍ക്കവ്യാപനം 47 ശതമാനത്തിലെത്തി എന്നതാണ് ആശങ്കയേറ്റുന്ന കാര്യം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തില്‍ കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം 200 കടക്കുന്നത്. ഇന്നലെ 488 രോഗികളില്‍ 234 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. 

ആശങ്കക്കണക്കില്‍ കാസര്‍കോട്

എറണാകുളം, കാസര്‍കോഡ് ജില്ലകളിലെ 41 പേര്‍ക്ക് വീതമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ഇടവേളയ്‌ക്ക് ശേഷമാണ് കാസര്‍കോട് കൊവിഡ് വലിയ ആശങ്ക സൃഷ്‌ടിക്കുന്നത്. കാസര്‍കോട് ഇന്നലെ ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം കണ്ടെത്തിയിരുന്നു. അതേസമയം എറണാകുളം ജില്ലയില്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നതിന്‍റെ സൂചനയാണ് ഇന്നത്തെ കണക്ക് നല്‍കുന്നത്. ഇന്നലെ 35 പേര്‍ക്ക് സമ്പര്‍ക്ക രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ന് 41 പേരുടെ കണക്ക് പുറത്തുവന്നത്. 

ആലപ്പുഴ 35 പേര്‍ക്കും, തിരുവനന്തപുരം 31 പേര്‍ക്കും, പത്തനംതിട്ട 24 പേര്‍ക്കും, മലപ്പുറം 17 പേര്‍ക്കും, കോട്ടയം 6 പേര്‍ക്കും, കൊല്ലം 5 പേര്‍ക്കും, തൃശൂര്‍ 4 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്കും വീതവും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇന്നലെ തിരുവനന്തപുരം 57 പേര്‍ക്കും, ആലപ്പുഴ 51 പേര്‍ക്കും, പത്തനംതിട്ട 29 പേര്‍ക്കും, മലപ്പുറം 27 പേര്‍ക്കും, കോഴിക്കോട് 10 പേര്‍ക്കും, കൊല്ലം 9 പേര്‍ക്കും, തൃശൂര്‍, കോട്ടയം ജില്ലകളിലെ 4 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ക്കുമായിരുന്നു സമ്പര്‍ക്ക രോഗബാധ.

പകച്ച് കേരളം; 435 പുതിയ രോഗികള്‍, 206 പേർക്ക് സമ്പർക്കത്തിലൂടെ രോഗം, മരിച്ച രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു