ഗുരുവായൂർ ക്ഷേത്രത്തിലെ 2025 ഒക്ടോബർ മാസത്തെ ഭണ്ഡാര വരവ് എണ്ണിയപ്പോൾ 48 നിരോധിച്ച കറൻസികൾ കണ്ടെത്തി. 28000 രൂപ വിലമതിക്കുന്ന ഈ നോട്ടുകൾക്ക് പുറമെ, 5.27 കോടി രൂപയും സ്വർണ്ണവും വെള്ളിയും ഭക്തർ സമർപ്പിച്ചു.
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് 48 നിരോധിച്ച കറൻസികൾ കണ്ടെത്തി. ഒക്ടോബർ മാസത്തിലെ ഭണ്ഡാര വരവ് കണക്കെടുത്തപ്പോഴാണിത്. ആയിരത്തിൻ്റെ നിരോധിച്ച എട്ട് നോട്ടുകളും അഞ്ഞൂറിൻ്റെ നിരോധിച്ച 40 നോട്ടുകളുമാണ് കണ്ടെത്തിയത്. ആകെ 28000 രൂപ വിലമതിക്കുന്ന നോട്ടുകളാണെങ്കിലും ഇപ്പോൾ ഈ കറൻസികൾക്ക് മൂല്യമില്ല. അതേസമയം ഒക്ടോബർ മാസത്തിൽ ക്ഷേത്ര ഭണ്ഡാരത്തിൽ ഭക്തർ പണമായി 5,27,33,992 രൂപ ഭണ്ഡാലത്തിൽ സമർപ്പിച്ചു. 1977.6 ഗ്രാം സ്വർണവും 12.154 കിലോ വെള്ളിയും ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചു. എസ് ബി ഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാര വരവിൻ്റെ എണ്ണൽ ചുമതല.
ഇ-ഭണ്ഡാരങ്ങളിലെ വരവ് കണക്ക്
ഇ-ഭണ്ഡാരങ്ങൾ വഴി കിഴക്കേ നടയിലെ എസ്ബിഐ ഗുരുവായൂർ ക്ഷേത്രത്തിൻ്റെ അക്കൗണ്ടിലേക്ക് 2,34,514 രൂപ ലഭിച്ചു. കിഴക്കേ നടയിലെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലെ അക്കൗണ്ടിൽ 28,768 രൂപയും പടിഞ്ഞാറേ നടയിലെ യുബിഐ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് 49,859രൂപയും ലഭിച്ചു. പടിഞ്ഞാറേ നടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് 23161 രൂപയും ഐസിഐസിഐ ബാങ്കിലെ അക്കൗണ്ടിലേക്ക് 25749 രൂപയും ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടിലേക്ക് 1,23,817 രൂപയും ലഭിച്ചു.


