ഈർക്കിലി ഉപയോഗിച്ച് ഗുരുവായൂർ ക്ഷേത്രത്തിൻ്റെ മനോഹരമായ മാതൃക നിർമ്മിച്ചിരിക്കുകയാണ് കോട്ടപ്പടി സ്വദേശിയായ ബിജു. 10 മാസമെടുത്താണ് ആറടി നീളവും നാലടി വീതിയുമുള്ള ഈ മാതൃക പൂർത്തിയാക്കിയത്. ഇത് ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിക്കാൻ ഒരുങ്ങുകയാണ് ബിജു.
തൃശൂർ: ഈർക്കിലി ഉപയോഗിച്ച് ഗുരുവായൂർ ക്ഷേത്ര മാതൃക തീർത്തിരിക്കുകയാണ് കോട്ടപ്പടി സ്വദേശി മാറോക്കി ബിജു. ക്ഷേത്രത്തിനകം ഇന്നേവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും കേട്ടറിവുകൾ കൊണ്ട് മനോഹരമാക്കിയിരിക്കുകയാണ് ഈ കലാകാരൻ. സിമൻറ് പണിക്കാരനായ ബിജു പത്ത് മാസമെടുത്താണ് ഈർക്കിലിയിൽ ഗുരുവായൂർ ക്ഷേത്ര മാതൃക തീർത്തിരിക്കുന്നത്. ആറടി നീളവും നാലടി വീതിയുമുള്ള മാതൃകക്ക് രണ്ടര അടിയോളം ഉയരം ഉണ്ട്. കിഴക്കേ നടയിലെ ദീപസ്തംഭവും ഗോപുരവും മതിൽക്കെട്ടും അതേ രീതിയിൽ നിർമ്മിച്ചിട്ടുണ്ട്. കൊടിമരവും ചുറ്റമ്പലവും നടപ്പുരയും നാലമ്പലവും അടക്കം 14 ഭാഗങ്ങളായാണ് നിർമ്മിച്ചിരിക്കുന്നത്. പേപ്പറും കാർഡ്ബോർഡും ഉപയോഗിച്ച് ഓരോ ഭാഗവും തയ്യാറാക്കിയതിനു ശേഷം പശ ഉപയോഗിച്ച് ഈർക്കിൽ ഒട്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. 5000 ത്തോളം ഈർക്കിലിയാണ് ഇതിനായി വേണ്ടിവന്നത്. യൂട്യൂബിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് നേരത്തെ കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളി നിർമ്മിച്ചിരുന്നു. പിന്നീടാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിക്കണമെന്ന ആഗ്രഹം തോന്നിയത്.
ഇതറിഞ്ഞതോടെ നാട്ടിലെ ക്ലബ്ലുകൾ വലിയൊരു മേശ സമ്മാനിച്ചു. ഇതിന് മുകളിലാണ് മാതൃക നിർമ്മിച്ചത്. ജോലി കഴിഞ്ഞെത്തിയാൽ ഒരു മണിക്കൂർ നിർമ്മാണത്തിനായി നീക്കിവയ്ക്കുകയാണ് പതിവെന്ന് ബിജു പറഞ്ഞു. ഭാര്യ വീണയും മക്കളായ കെവിൻ, അനിറ്റ എന്നിവരും ചേർന്ന് ഈർക്കിലി തയ്യാറാക്കി നൽകും. ആഴ്ചയിൽ ഒരു തവണ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന പുഷ്പ ക്ഷേത്രത്തിൻറെ മുക്കും മൂലയും വിവരിച്ചു നൽകും. അതനുസരിച്ച് നിർമ്മാണം നടത്തും. അവസാന മിനുക്ക് പണികൾ കൂടി കഴിഞ്ഞാൽ വാർണിഷ് അടിച്ച് മാതൃക ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിക്കും. ഇതിനുശേഷം പാലയൂർ പള്ളിയുടെ മാതൃക നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് സഹോദരി റീന പറഞ്ഞു.. നിർമ്മാണത്തിന്റെ മഹത്വം കേട്ടറിഞ്ഞ് നിരവധി പേരാണ് ദിവസവും ബിജുവിൻ്റെ വീട്ടിലെത്തുന്നത്.


