സിനിമയിൽ മാറ്റങ്ങൾക്ക് വഴിതുറന്ന വനിതാ കൂട്ടായ്മയ്ക്ക് അവാർഡ്; എൻ രാജേഷ് സ്മാരക പുരസ്കാരം ഡബ്ല്യുസിസിക്ക്
ചലച്ചിത്ര രംഗത്ത് ലിംഗ നീതി ഉറപ്പാക്കാനും തൊഴിലിടത്തിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾക്കും അക്രമസംഭവങ്ങൾക്കുമെതിരെ ശബ്ദിക്കാനുമായി ആരംഭിച്ച ഡബ്ല്യൂ.സി.സി യുടെ പ്രവർത്തനങ്ങൾ, ഈ മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് വഴിതുറന്ന സാഹചര്യത്തിലാണ് സംഘടന പുരസ്കാരത്തിനർഹമായത്.
കോഴിക്കോട്: നാലാമത് ‘എൻ രാജേഷ് സ്മാരക പുരസ്കാരം’ മലയാള ചലച്ചിത്ര മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിക്ക് (വിമൻ ഇൻ സിനിമ കളക്ടീവ്). ചലച്ചിത്ര രംഗത്ത് ലിംഗ നീതി ഉറപ്പാക്കാനും തൊഴിലിടത്തിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾക്കും അക്രമസംഭവങ്ങൾക്കുമെതിരെ ശബ്ദിക്കാനുമായി ആരംഭിച്ച ഡബ്ല്യൂ.സി.സി യുടെ പ്രവർത്തനങ്ങൾ, ഈ മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് വഴിതുറന്ന സാഹചര്യത്തിലാണ് സംഘടന പുരസ്കാരത്തിനർഹമായത്. മുതിർന്ന മാധ്യമപ്രവർത്തകനും മാധ്യമം ന്യൂസ് എഡിറ്ററും കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന നേതാവുമായിരുന്ന എൻ രാജേഷിന്റെ സ്മരണയ്ക്കായി മാധ്യമം ജേർണലിസ്റ്റ്സ് യൂനിയൻ (എം.ജെ.യു) ഏർപ്പെടുത്തിയ പുരസ്കാരമാണിത്.
25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സെപ്റ്റംബർ ഒമ്പത് തിങ്കളാഴ്ച രാവിലെ പത്തിന് കോഴിക്കോട് ചൈതന്യ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പുരസ്കാര ദാനം നിർവഹിക്കും. ചടങ്ങിൽ ദി ന്യൂസ് മിനുട്ട് എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. അതോടൊപ്പം എൻ രാജേഷിന്റെ സ്മരണാർഥം എം.ജെ.യു പുറത്തിറക്കിയ പ്രഥമ അക്കാദമിക് ജേർണൽ ‘ദി ജേർണലിസ്റ്റി’ന്റെ പ്രകാശനവും നടക്കും. എൻ.രാജേഷ് അനുസ്മരണ പ്രഭാഷണം മാധ്യമ പ്രവർത്തക ശ്രീമതി സോഫിയ ബിന്ദ് നടത്തും.
വാർത്താ സമ്മേളനത്തിൽ മാധ്യമം ജേർണലിസ്റ്റ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് എം ഫിറോസ് ഖാൻ, സെക്രട്ടറി സുൽഹഫ്, ഭാരവാഹികളായഎ. ബിജുനാഥ്, സി റാഫി, ഇസ്മയിൽ എന്നിവർ പങ്കെടുത്തു.
'അമ്മയ്ക്ക് തലയും നട്ടെല്ലുമില്ല, കൂട്ടരാജി നിരുത്തരവാദപരമായ നടപടി': തുറന്നടിച്ച് പത്മപ്രിയ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം