Asianet News MalayalamAsianet News Malayalam

'ആരോപണങ്ങൾ തെളിയിച്ചാൽ 50 കോടി'; പിടി തോമസ് എംഎൽഎയെ വെല്ലുവിളിച്ച് സാബു ജേക്കബ്

കിറ്റെക്സിനെതിരെ പിടി തോമസ് എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ നുണയും അസംബന്ധവുമാണെന്ന് കമ്പനി എംഡി സാബു എം. ജേക്കബ്
50 crore if allegations are proved Sabu Jacob challenges PT Thomas MLA
Author
Kerala, First Published Jun 16, 2021, 7:37 PM IST

കൊച്ചി: കിറ്റെക്സിനെതിരെ പിടി തോമസ് എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ നുണയും അസംബന്ധവുമാണെന്ന് കമ്പനി എംഡി സാബു എം. ജേക്കബ്. തിരിപ്പൂരിൽ പ്രവർത്തിച്ചിരുന്ന കിറ്റക്സിന്റെ നാല്  ബ്ലീച്ചിങ്, ഡൈയിങ് സെന്റുകൾ ഗുരുതര രാസമാലിന്യങ്ങൾ പുറന്തള്ളുന്നുവെന്നതിന്റെ പേരിൽ മദ്രാസ് ഹൈക്കോടതിയും, സുപ്രീം കോടതിയും ചേർന്ന് അടച്ചുപൂട്ടിയെന്നതടക്കമുള്ള അഞ്ച് ആരോപണങ്ങൾ തെളിയിച്ചാൽ പിടി തോമസിന് 50 കോടി രൂപ നൽകാമെന്ന് സാബു ജേക്കബ് വാർത്താ കുറിപ്പിൽ വെല്ലുവിളിച്ചു.

2016 - 21 വരെ  തൃക്കാക്കര എംഎൽഎ ആയിരുന്ന പി.ടി തോമസ് ട്വന്റി20യുടെ സ്ഥാനാർത്ഥി തൃക്കാക്കരയിൽ മത്സരിക്കാൻ തീരുമാനിച്ചതിനു ശേഷമാണ് ആരോപണങ്ങൾ ഉന്നയിച്ചത്.  ഏഴ് ദിവസത്തിനുള്ള പിടി തോമസ് ആരോപണങ്ങൾ തെളിയിക്കുന്ന രേഖകൾ നൽകിയാൽ അമ്പത് കോടി രൂപ നൽകാം. മറിച്ചാണെങ്കിൽ  നാലു കോടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പുപറഞ്ഞ് തല മുണ്ഡനം ചെയ്ത് എംഎൽഎ സ്ഥാനം രാജിവെച്ച് ഇറങ്ങി പോകാൻ തയ്യാറാവണമെന്നും ഇങ്ങനെയൊരനുഭവം ഇനിയൊരു വ്യവസായിക്കും ഇവിടെ ഉണ്ടാവരുതെന്നും സാബു ജേക്കബ് കുറിപ്പിൽ പറയുന്നു. അതേസമയം സാബു ജേക്കബിന്റെ പ്രതികരണം പഠിച്ച്  വൈകാതെ വിശദമായ മറുപടി നൽകുമെന്ന് പിടി തോമസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

സാബു എം ജേക്കബിന്റെ പ്രതികരണം ഇങ്ങനെ...

2010-12 കാലയളവിൽ തിരുപ്പൂരിൽ പ്രവർത്തിച്ചിരുന്ന 150ഓളം ബ്ലീച്ചിംഗ്, ഡൈയിംഗ് യൂണിറ്റുകൾ ഗുരുതര രാസമാലിന്യങ്ങൾ പുറന്തള്ളുന്നുവെന്നതിന്റെ പേരിൽ മദ്രാസ് ഹൈക്കോടതിയും, സുപ്രീം കോടതിയും ചേർന്ന് അടച്ചുപൂട്ടിയതിൽ, നാല് യൂണിറ്റുകൾ കിറ്റെക്സിന്റെ ആയിരുന്നുവെന്നും, ഈ യൂണിറ്റുകൾ യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ കിഴക്കമ്പലത്ത് കൊണ്ടുവന്ന് സ്ഥാപിക്കുകയും, അതിൽ നിന്നുള്ള രാസമാലിന്യങ്ങൾ ഒഴുക്കി കടമ്പ്രയാർ മുഴുവൻ മലിനമാക്കുന്നുവെന്നുമാണ് പിടി പറയുന്നത്. കൂടാതെ തിരുപ്പൂരിൽ ഇതിനോടൊപ്പം അടച്ചുപൂട്ടിയതടക്കം സൗത്ത് ഇന്ത്യയിലെ നിരവധി യൂണിറ്റുകളിലെ തുണി ഡസൻ കണക്കിന് ലോറികളിൽ ദിവസവും കിഴക്കമ്പലത്ത് കൊണ്ടുവന്ന് ബ്ലീച്ചിങ്ങും
ഡെയിങ്ങും നടത്തി തിരിച്ച് കൊണ്ടുപോകുന്നു. ആയതിന്റെ ദുരിതം കൂടി ഇവിടുത്തെ നാട്ടുകാർ അനുഭവിക്കേണ്ടിവരുന്നുവെന്ന് പി.ടി തോമസ് ആരോപിക്കുന്നു.

2016 - 21 വരെ പി.ടി തോമസ് ആയിരുന്നു തൃക്കാക്കര എംഎൽഎ. ട്വന്റി20യുടെ സ്ഥാനാർത്ഥി തൃക്കാക്കരയിൽ മത്സരിക്കാൻ തീരുമാനിച്ചതിനു ശേഷമാണ് പി.ടിക്ക് ഇങ്ങനെ ഒരു അബോധാദയമുണ്ടായത്. അതുവരെ അദ്ദേഹത്തിന് കടമ്പ്രയാറിനെപറ്റി യാതൊരുവിധ ആവലാതിയും പരിഭവങ്ങളും ഉണ്ടായിരുന്നില്ല. 1995 ലാണ് കിറ്റെക്സ് ഗാർമെന്റ്സ് പ്രവർത്തനം ആരംഭിച്ചത്. 26 വർഷമായി നിയമപരമായ എല്ലാ ലൈസൻസുകളോടും കൂടിയാണ് പ്രവർത്തിച്ചുവരുന്നത്. ആയതിനാൽ ഇതിന്റെ സത്യാവസ്ഥ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.

 1) നാളിതുവരെ കിറ്റെക്സിന് തിരുപ്പൂരിൽ ഒരു ബ്ലീച്ചിംഗ്, ഡൈയിംഗ് യൂണിറ്റ് ഉണ്ടായിട്ടില്ല, ഇപ്പോഴുമില്ല. അങ്ങനെ ഒരു യൂണിറ്റ് അവിടെ നടത്തണമെങ്കിൽ നിരവധി ഡിപ്പാർട്ട്മെന്റുകളുടെ ലൈസൻസുകൾ ആവശ്യമായിട്ടുണ്ട്. ഇങ്ങനെ ഒരു യൂണിറ്റ് കിറ്റെക്സിന് തിരുപ്പൂരിൽ ഉണ്ടായിരുന്നതായി ഏതെങ്കിലും രേഖകൾ പി.ടി ഹാജരാക്കിയാൽ 10 കോടി രൂപ നൽകുന്നതാണ്.

 2) ഗുരുതരമായ രാസമാലിന്യങ്ങൾ പുറത്തുവിടുന്നു എന്ന കാരണത്താൽ മദ്രാസ് ഹൈക്കോടതിയും സുപ്രീംകോടതിയും പുട്ടിച്ച 150 യൂണിറ്റുകളിൽ 4 യൂണിറ്റുകൾ കിറ്റെക്സിന്റെ ആയിരുന്നു എന്നാണ് പി.ടിയുടെ അവകാശവാദം. ഈ പറയുന്ന കോടതികളുടെ ഉത്തരവ് കാണിക്കട്ടെ; വീണ്ടുമൊരു 10 കോടി രൂപ കൊടുക്കാം. 

3) ഇത്തരത്തിൽ മദ്രാസ് ഹൈക്കോടതിയും സുപ്രീംകോടതിയും അടച്ചുപൂട്ടിയ കിറ്റെക്സിന്റെ 4 യൂണിറ്റുകൾ യാതൊരു മാനദണ്ഡ ങ്ങളും കൂടാതെ കിഴക്കമ്പലത്ത് കൊണ്ടുവന്നു പ്രവർത്തിപ്പിച്ചു എന്നാണ് പി.ടി പറയുന്നത്. ഇക്കാലയളവിൽ കേരളത്തിലും കേന്ദ്രത്തിലും ഭരണത്തിൽ ഇരുന്നത് പി.ടിയുടെ പാർട്ടിയായിരുന്നു. അങ്ങനെ നടന്നുവെങ്കിൽ അന്നു മരിച്ചവരുടെ പിടിപ്പുകേടല്ലേ..? ഇങ്ങനെ പുട്ടിച്ചു എന്നു പറയുന്ന യൂണിറ്റുകൾ കിഴക്കമ്പലത്ത് കൊണ്ടുവന്ന് സ്ഥാപിച്ചതിനു സെയിൽടാക്സസിന്റെയോ, ചെക്ക്പോസ്ത് കടന്നതിന്റെയോ, മറ്റേതെങ്കിലും ഡിപ്പാർട്ട്മെന്റിന്റെയോ രേഖകൾ കാണിച്ചാൽ ഒരു 10 കോടി രൂപ കൂടി നൽകാം.

 4) കിറ്റെക്സിന്റെ 4 യുണിറ്റുകളോടൊപ്പം അടച്ചുപൂട്ടി എന്ന് പറയുന്ന തിരുപ്പൂരിലെ 150 ഫാക്ടറികളടക്കം സൗത്ത് ഇന്ത്യയിലെ ഡസൻകണക്കിന് ലോറികൾ ദിവസവും കിഴക്കമ്പലത്ത് വന്ന് തുണി ബ്ലീച്ചിങ്ങും ഡൈയിങ്ങും നടത്തി തിരിച്ച് പോകുന്നുവെന്നാണ് പി.ടി പറയുന്നത്. ഇത്തരത്തിൽ ഒരു പ്രവൃത്തി നടക്കുന്നുണ്ടെങ്കിൽ സെയിൽ ടാക്സിന്റെയും ചെക്ക് പോസ്റ്റിന്റെയും റെക്കോഡുകൾ കാണണ്ടതാണ്. അങ്ങനെയുള്ള ഒരു ലോഡിന്റെയെങ്കിലും രേഖകൾ ഹാജരാക്കിയാൽ വീണ്ടും ഒരു 10 കോടി നൽകാം. 

5) തിരുപ്പൂരിൽ അടച്ചുപൂട്ടി എന്ന് പറയുന്ന യൂണിറ്റുകൾ കിഴക്കമ്പലത്ത് കൊണ്ടുവന്ന് പ്രവർത്തിപ്പിച്ച് ഗുരുതരമായ രാസമാലിന്യ ങ്ങൾ ഒഴുക്കി കടമ്പയാർ മലിനമാക്കുന്നു എന്നാണ് പി.ടി പറയുന്നത്.  കടമ്പയാറിലെ വെള്ളമെടുത്ത് ആർക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാമല്ലോ. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഞങ്ങളുടെയും സാന്നിധ്യത്തിലാവണം വെള്ളമെടുത്ത് പരിശോധിക്കേണ്ടത്. അങ്ങനെ പരിശോധിക്കുമ്പോൾ കിറ്റെക്സിൽ നിന്നുള്ള ഏതെങ്കിലും രാസവസ്തുവിന്റെ അംശം കടമ്പയാറിലെ വെള്ളത്തിൽ ഉണ്ട് എന്ന് തെളിഞ്ഞാൽ ഒരു 10 കോടി രൂപ കൂടി പി.ടിക്ക് കൊടുക്കാം.

- മേൽപറഞ്ഞ 5 കാര്യങ്ങൾ തെളിയിക്കുന്നതിനുള്ള രേഖകൾ 7 ദിവസത്തിനുള്ളിൽ ഹാജരാക്കിയാൽ 50 കോടി രൂപയായിരിക്കും പി.ടിക്ക് ലഭിക്കുക. ഇനി മറിച്ച് ഈ ആരോപണങ്ങളൊന്നും തെളിയിക്കാനുള്ള രേഖകൾ പി, ടിയുടെ കൈവശമില്ലെങ്കിൽ കേരളത്തിലെ നാലു കോടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പുപറഞ്ഞ് തല മുണ്ഡനം ചെയ്ത് എംഎൽഎ സ്ഥാനം രാജിവെച്ച് ഇറങ്ങി പോകാൻ തയ്യാറാവണം.
- ഒരു ഖദർ കുപ്പായവുമിട്ട് എംഎൽഎ എന്ന മൂന്നക്ഷരം നെഞ്ചത്ത് ഒട്ടിച്ചാൽ, എന്തു വൃത്തികേടും ആരെപ്പറ്റിയും എവിടെയും വിളിച്ചുപറയാം എന്നു ധാരണയുള്ള ഇത്തരം ആളുകളെ ചുമക്കേണ്ടിവരുന്നതാണ് മലയാളികളുടെ ഗതികേട്...! - ' ഇങ്ങനെയൊരനുഭവം ഇനിയൊരു വ്യവസായിക്കും ഇവിടെ ഉണ്ടാവരുത്.

Follow Us:
Download App:
  • android
  • ios