വട്ടപ്പാറ: എംസി റോഡല്‍ വട്ടപ്പാറ മരതൂരിനടുത്ത് രണ്ട് കെഎസ്ആര്‍ടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ച്  ഇരുബസുകളിലുമുള്ള അന്‍പതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു.  ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസും കൊട്ടാരക്കരയില്‍ നിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇതില്‍ ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബസിന്‍റെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ആരുടേയും പരിക്കുകള്‍ ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടമുണ്ടായ ഉടന്‍ തന്നെ നാട്ടുകാരും അതുവഴി പോയ വാഹനങ്ങളിലെ യാത്രക്കാരും വട്ടപ്പാറ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍പ്പെട്ട രണ്ട് ബസുകളും ദേശീയപാതയില്‍ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.