തിരുവനന്തപുരം: ഗതാഗത നിയമലംഘനം പിടികൂടുന്നതിനുള്ള പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ് .ലക്ഷ്യം കൈവരിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക്  വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിത്തുടങ്ങി. ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റ് ധരിക്കാതെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്ത 537 പേർക്കെതിരെയാണ് സംസ്ഥാനത്ത് ഇന്ന് പിഴ ചുമത്തിയത്. ഇരുചക്രവാഹനത്തില്‍ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് ഡ്രൈവര്‍മാരുള്‍പ്പടെ ആകെ 1046 പേർക്കെതിരെ ഇന്ന് പിഴ ചുമത്തി.  

സീറ്റ് ബൽറ്റില്ലാതെ യാത്ര ചെയ്ത 150 പേർക്കും പിഴ ചുമത്തി. വിവിധ നിയമ ലംഘനങ്ങൾക്ക് 1213 പേരില്‍ നിന്നായി 732750 രൂപയാണ് മോട്ടോർ വാഹനവകുപ്പ് ഇന്ന് പിഴ ഈടാക്കിയത്. ഇരുചക്രവാഹനത്തിലെ രണ്ട് പേരും ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഡ്രൈവറിൽ നിന്നാണ് പിഴ ഈടാക്കുന്നത്. നിലവിലെ നിയമമനുസരിച്ച്, ഹെൽമറ്റില്ലാതെയും സീറ്റ് ബൽറ്റില്ലാതെയും യാത്ര ചെയ്യുന്നവർക്ക് 500 രൂപയാണ് പിഴയായി സംസ്ഥാനസർക്കാർ നിശ്ചയിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നത് തുടർന്നാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് കടക്കും. 

ഇരുചക്രവാഹനത്തില്‍ രണ്ട് യാത്രക്കാരും ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്താൽ അത് രണ്ട് നിയമലംഘനമായി കണക്കാക്കും. ഇരു യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതിന്റെ മൂന്നാം ദിവസം കൂടുതൽ പേർ നിയമം പാലിക്കാൻ തയ്യാറായിട്ടുണ്ട്. കുട്ടികൾക്കുള്ള ഹെൽമെറ്റിന്റെ ക്ഷാമം പല യാത്രക്കാരും ചൂണ്ടിക്കാണിക്കുന്നുണ്ട്.