മരിച്ചുപോയ മാതാപിതാക്കളെ വരെ തെറി പറയുന്ന കമന്‍റുകള്‍ കാണുമ്പോള്‍ വേദന തോന്നുന്നുവെന്ന് മൂന്ന് വര്‍ഷം മുന്‍പ് വിരമിച്ച പ്രി‍ന്‍സിപ്പാള്‍

പാലക്കാട്: മറ്റേതോ സ്കൂളിൽ അധ്യാപകൻ വിദ്യാര്‍ഥിയെ തല്ലിയതിന്‍റെ ദൃശ്യങ്ങളുടെ പേരിൽ കഴിഞ്ഞ ആറു വര്‍ഷമായി സൈബര്‍ ആക്രമണം നേരിടുകയാണ് പാലക്കാട് കല്ലടി എച്ച്എസ്എസും അവിടത്തെ അധ്യാപകരും. 2020 ൽ വിരമിച്ചിട്ടും ഇപ്പോഴും സൈബര്‍ ആക്രമണത്തിന്‍റെ ഇരയാവുകയാണ് മുന്‍ പ്രി‍ന്‍സിപ്പാള്‍ ടി പി മുഹമ്മദ് റഫീഖ്. ഇനിയെങ്കിലും അധിക്ഷേപം അവസാനിപ്പിക്കണമെന്നാണ് സ്കൂളിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അഭ്യര്‍ത്ഥന.

കേരളത്തിന് പുറത്തുള്ള ഏതോ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്ന വീഡിയോ ആണ് കല്ലടിയിലേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. വീഡിയോയിലെ വിദ്യാര്‍ത്ഥികളുടെയും സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെയും യൂണിഫോമിന്‍റെ നിറം ഒരുപോലെ ആയതാണ് തെറ്റിദ്ധാരണയ്ക്കും പ്രചാരണത്തിനും കാരണമായതെന്ന് അധ്യാപകര്‍ പറയുന്നു. പൊലീസും മനുഷ്യാവകാശ കമ്മീഷനും എല്ലാം സ്കൂളില്‍ കുട്ടികളുടെ മൊഴി എടുത്തു. പ്രചാരണം തെറ്റാണെന്ന് ബോധ്യപ്പെട്ടതാണ്. എന്നിട്ടും സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചുകൊണ്ടിരുന്നു.

മരിച്ചുപോയ മാതാപിതാക്കളെ വരെ തെറി പറയുന്ന കമന്‍റുകള്‍ കാണുമ്പോള്‍ വ്യക്തിപരമായി വിഷമമുണ്ടാകുന്നുവെന്ന് മുന്‍ പ്രി‍ന്‍സിപ്പാള്‍ ടി പി മുഹമ്മദ് റഫീഖ് പറഞ്ഞു. താന്‍ വിരമിച്ച് മൂന്ന് വര്‍ഷമായിട്ടും സൈബര്‍ ആക്രമണം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് പോലും സ്കൂളിലേക്ക് ആക്ഷേപിക്കുന്ന തരത്തിലുള്ള ഫോണ്‍ കോള്‍ വന്നെന്ന് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ഷെഫീഖ് റഹ്മാൻ പറഞ്ഞു. ഇത് വേദനിപ്പിക്കുന്നതാണ്. യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

YouTube video player