ഇടുക്കിക്കാർക്ക് ജീപ്പെന്നാൽ ഒരു വികാരമാണ്. ഒരു കാലത്ത് ഹൈറേഞ്ചിലെ യാത്രകൾക്ക് ഏക ആശ്രയമായിരുന്ന വാഹനം.
ഇടുക്കിക്കാർക്ക് ജീപ്പെന്നാൽ ഒരു വികാരമാണ്. ഒരു കാലത്ത് ഹൈറേഞ്ചിലെ യാത്രകൾക്ക് ഏക ആശ്രയമായിരുന്ന വാഹനം. 1960 മുതൽ മലമടക്കുകളിൽ വാഹനം ഓടിച്ച് കയറ്റുന്ന, ഇന്നും സജീവമായ ജീപ്പ് ഡ്രൈവർ പാപ്പൻ ചേട്ടനെ പരിചയപ്പെടാം.
ഇന്നത്തേതു പോലെ വഴി മാത്രമല്ല, ആവശ്യത്തിന് വർക്ഷോപ്പുകളും അന്നില്ല. അതുകൊണ്ട് തന്നെ ഡ്രൈവർമാർ മെക്കാനിക്കുകൾ കൂടിയായിരുന്നു. പാപ്പച്ചനും അതെ. ആറ് പതിറ്റാണ്ടായുള്ള പാപ്പച്ചന്റെ ജീപ്പ് ജീവിതം ഇടുക്കിയുടെ കുടിയേറ്റ ചരിത്രം കൂടിയാണ്. നടന്ന് മലകയറാൻ പറ്റാതിരുന്ന പലർക്കും ആശ്രയമായത് പാപ്പൻ ചേട്ടന്‍റെ ജീപ്പായിരുന്നു.
കഴിഞ്ഞ വർഷം ഇടുക്കി ഡാമിൽ വെള്ളം താഴ്ന്നപ്പോൾ പണ്ട് വെള്ളത്തിലാഴ്ന്നു പോയ വൈരമണി ഗ്രാമം ഉയർന്നു വന്നു. ഈ വാർത്തയ്ക്കായി റിസർവോയറിനടുത്തേക്ക് പോകാൻ പരിചയ സമ്പന്നനായ ഒരു ജീപ്പ് ഡ്രൈവറെ അന്വേഷിച്ചപ്പോൾ കിട്ടിയത് പാപ്പൻ ചേട്ടനെ. ജീപ്പുമായി ഡാമിനടുത്തെത്തിയപ്പോൾ വഴി കാണിക്കാമെന്നേറ്റ ആളെ കാണാനില്ല.
റിസർവോയറിലൂടെ മൂന്ന് കിലോമീറ്റർ പോയാലെ ഈ ഗ്രാമത്തിലെത്താനാകൂ. വള്ളവും കിട്ടാത്ത സ്ഥിതി. ഒടുക്കം കറങ്ങിത്തിരിഞ്ഞ് കുളമാവിലെത്തിയപ്പോൾ ടൗണിലുള്ള എല്ലാവരും പാപ്പൻ ചേട്ടനടുത്തേക്ക് ഓടി വരുന്നു. പലർക്കും പാപ്പൻ ചേട്ടനുമായി പതിറ്റാണ്ടുകളായുള്ള പരിചയം. പിന്നെ വഴി കാണിക്കാൻ ആളായി. വള്ളമെത്തി. വാർത്തയും എടുത്തു. അതിന് ശേഷം മാധ്യമപ്രവർത്തകർക്കിടയിൽ പാപ്പൻ ചേട്ടനൊരു പേര് വീണു, ഡോൺ. 60 വർഷമായി ജീപ്പോടിക്കുന്നുണ്ടെങ്കിലും ഇന്നുവരെ പാപ്പൻ ചേട്ടന് പറയത്തക്ക അപകടങ്ങൾ ഒന്നുമുണ്ടായിട്ടില്ല.

