തിരുവനന്തപുരം: താൽക്കാലിക ഡ്രൈവർമാരുടെ പിരിച്ചുവിടലിൽ പ്രതിസന്ധിയിലായി കെഎസ്ആർടിസി. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം 2108 താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ ബസോടിക്കാന്‍ ആളില്ലാത്ത സ്ഥിതിയിലാണ് കെഎസ്ആർടിസി. അവധിദിനമായ ഇന്ന് 600 സര്‍വ്വീസുകളാണ് സംസ്ഥാനമാകെ മുടങ്ങിയത്. 

പ്രവൃത്തിദിനമായ നാളെ പ്രതിസന്ധി രൂക്ഷമാകുമെന്ന് വ്യക്തമായതോടെ  ടേൺ അനുസരിച്ച് നാളെ അവധിയുള്ളവരോട് തിരിച്ച് ജോലിക്ക് എത്തണമെന്നും സർവ്വീസുകൾ മുടങ്ങാതെ ക്രമീകരണം നടത്തണമെന്നും മാനേജ്മെൻറ് സോണൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. പ്രതിസന്ധി മറികടക്കാൻ എന്തു ചെയ്യുമെന്നതിൽ സർക്കാരിനും ആശങ്കയുണ്ട്. 

പിരിച്ചുവിട്ടവരെ വീണ്ടും കരാ‍ർ അടിസ്ഥാനത്തിൽ തിരിച്ചുനിയമിക്കുന്നതിൻറെ സാധ്യത ഗതാഗതവകുപ്പ് പരിശോധിക്കുന്നുണ്ട്. അതേ സമയം പിഎസ് സി റാങ്ക് പട്ടികയിൽ നിന്നും താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ഡ്രൈവർമാർ നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഈ കേസിലെ കോടതി നിലപാട് കൂടി അറിഞ്ഞാകും തുടർനീക്കം. പിഎസ് സി റാങ്ക് പട്ടികയിലുള്ളവരുടെ പരാതിയിലായിരുന്നു കൂട്ട പിരിച്ചുവിടലിന് കോടതി നിർദ്ദേശം.

രാവിലെ പലയിടത്തും ബസ്സോടിക്കാൻ ആളില്ലാത്ത സ്ഥിതിയായിരുന്നു. കൊട്ടാരക്കര ഡിപ്പോയിൽ മാത്രം 40 സർവ്വീസ് മുടങ്ങി. കൊല്ലത്ത് 15, കണിയാപുരത്ത് 13 എന്നിങ്ങനെയാണ് മുടങ്ങിയ സർവീസുകളുടെ എണ്ണം. കൊല്ലം ചാത്തന്നൂർ സബ് ഡിപ്പോയിൽ പത്ത് സർവ്വീസുകൾ മുടങ്ങി. കരുനാഗപ്പള്ളിയിൽ 71-ൽ 7 സർവ്വീസുകൾ മുടങ്ങി. ആര്യങ്കാവ് ഡിപ്പോയിൽ ഡ്രൈവർ ഇല്ലാത്തതിനാൽ റോസ്‍മല ട്രിപ്പ് മുടങ്ങി. ചടയമംഗലം സബ് ഡിപ്പോയിൽ 55 സർവീസുകളുള്ളതിൽ 18 സർവീസുകൾ ഇന്ന് റദ്ദാക്കി. കോട്ടയത്ത് 19 കെഎസ്ആർടിസി സർവീസുകൾ റദ്ദാക്കിയിരുന്നു.