Asianet News MalayalamAsianet News Malayalam

കൊവിഡ് മുക്തിയില്‍ അത്ഭുതപ്പെടുത്തി കേരളം; ഒരു ദിവസം 61 പേര്‍ക്ക് രോഗമുക്തി, ചികിത്സയില്‍ 34 പേര്‍ മാത്രം

രോഗബാധയുള്ള 61 പേരുടെ ഫലം നെഗറ്റീവായി. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 34 ആയി കുറഞ്ഞു. 

61 covid patients in kerala got negative results today
Author
Thiruvananthapuram, First Published May 4, 2020, 5:04 PM IST

തിരുവനന്തപുരം: തുടർച്ചയായി രണ്ടാം ദിവസവും കേരളത്തിൽ പുതിയ കൊവിഡ് കേസുകളില്ല. അതേസമയം കൊവിഡ് ചികിത്സയിലുള്ള 61 പേർക്ക് രോഗം ഭേദമായി. ഇതോടെ ഇനി 34 പേർ മാത്രമാണ് കേരളത്തിൽ ഇനി ചികിത്സയിൽ ബാക്കിയുള്ളൂ. 

മുഖ്യമന്ത്രിയുടെ വാക്കുകൾ - 

ഇന്നും ആർക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചില്ല. എന്നാൽ രോഗബാധയുള്ള 61 പേരുടെ ഫലം നെഗറ്റീവായി. ഇതുവരെ 499 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 95 പേരായിരുന്നു ചികിത്സയിൽ. 61 പേർ ഇന്ന് നെഗറ്റീവായതോടെ ആശുപത്രി വിടും. അതോടെ ആശുപത്രിയിൽ തുടരുന്നവരുടെ എണ്ണം 34 ആയി മാറും. 

21724 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 21352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലുമാണ്. ഇതുവരെ 33010 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 32315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.

 മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 2431 സാമ്പിളുകൾ ശേഖരിച്ചു. 1846 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് 84 ഹോട്ട്സ്പോട്ടുകളുണ്ട്. പുതുതായി കൂട്ടിച്ചേർക്കലുകൾ ഉണ്ടായില്ല. 1249 ടെസ്റ്റുകൾ ഇന്ന് നടന്നു. കേരളത്തിൽ രോഗവ്യാപനം പിടിച്ചുനിർത്താനാവുന്നത് എല്ലാവരെയും ആശ്വസിപ്പിക്കുന്നു. എന്നാൽ കേരളീയർ ലോകത്തിന്റെ പല ഭാഗത്തും രോഗത്തിന്റെ പിടിയിലാണ്.

കൊവിഡ് ബാധിച്ച് വിവിധ രാജ്യങ്ങളിൽ 80ലധികം മലയാളികൾ മരിച്ചു. മറ്റ് സംസ്ഥാനങ്ങളിലും സഹോദരങ്ങളെ ഈ രോഗം ബാധിച്ചിട്ടുണ്ട്. ഏറ്റവുമധികം വേദനിപ്പിക്കുന്ന അനുഭവമാണിത്. കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ട എല്ലാ കേരളീയരുടെയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.

വിവിധ സംസ്ഥാനങ്ങളിലെ 1,64,263 മലയാളികൾ നോർക്ക വഴി നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്തു. കർണ്ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ. തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ദില്ലി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഹരിയാന, ഗോവ എന്നിവിടങ്ങളിൽ നിന്നെല്ലാം മലയാളികൾ നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്തു.

ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ നടപടിയെടുത്തു. 28222 പേരാണ് ഇതുവരെ പാസിന് അപേക്ഷിച്ചത്. 5470 പാസുകൾ വിതരണം ചെയ്തു. ഇന്നു ഉച്ച വരെ 515 പേർ വിവിധ ചെക് പോസ്റ്റുകൾ വഴി കേരളത്തിൽ പ്രവേശിച്ചു. നോർക്ക വഴി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണനാ ക്രമത്തിൽ പാസ് നൽകും. അതിർത്തിയിൽ തിരക്കൊഴിവാക്കി ക്രമീകരണം നടത്തിയിട്ടുണ്ട്.

രജിസ്റ്റർ ചെയ്തവരിൽ അഞ്ചിലൊന്ന് ശതമാനം പേർക്കേ സ്വന്തം വാഹനത്തിലോ, വാടകയ്ക്ക് വാഹനം എടുത്തോ വരാനാവൂ. മറ്റുള്ളവരെ നാട്ടിലെത്തിക്കാൻ കേന്ദ്രത്തിന്റെ പിന്തുണയും ഇടപെടലും ആവശ്യമാണ്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് ഇന്ന് കത്തയച്ചു. കേരളത്തിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് അതിഥി തൊഴിലാളികൾക്ക് പോകാൻ പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തി. ഈ ട്രെയിനുകളിൽ സംസ്ഥാനത്തേക്ക് വരേണ്ടവർക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന് അഭ്യർത്ഥിച്ചു. ശാരീരിക അകലവും സുരക്ഷയും പാലിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തിന് പുറത്തുള്ളവരും ഇങ്ങോട്ട് വരാൻ അത്യാവശ്യമുള്ളവരെയും തിരിച്ചെത്തിക്കാൻ ആവശ്യമായ ക്രമീകരണം വരുത്തി. നോർക്ക പോർട്ടലിൽ രജിസ്റ്റർ ചെയ്തവർ, കിട്ടുന്ന നമ്പർ ഉപയോഗിച്ച് കൊവിഡ് 19 ജാഗ്രതാ പോർട്ടൽ വഴി കളക്ടർമാരിൽ നിന്ന് അനുമതി വാങ്ങണം. സംഘമായും പാസ് ലഭിക്കും. രജിസ്റ്റർ ചെയ്യാൻ ഇനിയും സൗകര്യമുണ്ട്. ചെക്പോസ്റ്റ്, എത്തുന്ന തീയതി, സമയം എന്നിവ രേഖപ്പെടുത്തണം. കളക്ടർമാരുടെ പാസ് മൊബൈൽ, ഇമെയിൽ വഴി നൽകും.

യാത്ര പുറപ്പെടുന്ന സംസ്ഥാനത്തെ അനുമതി പുറപ്പെടും മുൻപ് ഉറപ്പാക്കണം. ചെക്പോസ്റ്റിൽ വൈദ്യപരിശോധന കഴിഞ്ഞ് സംസ്ഥാനത്തേക്ക് കടക്കാം. വാഹനങ്ങളിൽ ശാരീരിക അകലം പാലിക്കും വിധം യാത്രക്കാരുടെ എണ്ണം ക്രമീകരിച്ചിട്ടുണ്ട്. അതിർത്തി വരെ ഒരു വാഹനത്തിൽ വന്ന് തുടർന്ന് വാഹനം മാറുന്നവർ സ്വന്തം നിലയ്ക്ക് യാത്ര സൗകര്യം ഒരുക്കണം. രോഗലക്ഷണം ഇല്ലാത്തവർക്ക് വീട്ടിൽ പോകാം. രോഗലക്ഷണം ഉള്ളവരെ സർക്കാരിൻ്റെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റും. 

മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ ബന്ധുക്കളെ കൂട്ടിക്കൊണ്ടുവരാൻ അങ്ങോട്ട് യാത്ര ചെയ്യുന്നെങ്കിൽ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതി വേണം. അവിടുത്തെ കളക്ടർമാരിൽ നിന്ന് അനുമതി വാങ്ങണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് യാത്രക്കാരുമായി വരുന്ന വാഹനങ്ങൾക്ക് മടക്കയാത്രക്ക് അതത് ജില്ലാ കളക്ടർമാർ പാസ് നൽകണം.

മുൻഗണന പട്ടികയിൽ പെട്ടവർക്കാണ് ആദ്യ ഘട്ടത്തിൽ യാത്രാനുമതി. വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, മറ്റ് ആരോഗ്യ പ്രശ്നമുള്ളവർ മുൻഗണനാ പട്ടികയിൽ പെടും. ഇവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ഈ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് കൊവിഡ് ബാധ നിയന്ത്രിച്ച് നിർത്താനും വരുന്നവരുടെയും അവരുടെ കുടുംബത്തിന്റെയും സുരക്ഷയെ കരുതിയാണ്. ആളുകൾ കൂട്ടത്തോടെ വരുന്നത് അപകടത്തിന് വഴിയൊരുക്കും. ഘട്ടംഘട്ടമായി ഈ പ്രക്രിയ പൂർത്തിയാക്കും. പ്രവാസി മലയാളികളുടെ തിരിച്ചുവരവ് സംബന്ധിച്ച് ആശയ കുഴപ്പം ഉണ്ടാക്കുന്ന ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇപ്പോഴതിൽ ശ്രദ്ധ കൊടുക്കുന്നില്ല.

സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ എല്ലാവരെയും തിരിച്ചയക്കുക സർക്കാരിന്റെ നയമല്ല. നാട്ടിൽ പോകാൻ അത്യാവശ്യമുള്ളവരും താത്പര്യം പ്രകടിപ്പിക്കുന്നവരുമുണ്ട്. അത്തരക്കാർക്ക് മാത്രമാണ് യാത്രാ സൗകര്യം ഒരുക്കുന്നത്. 

കേരളത്തിനകത്ത് ലോക്ക് ഡൗണിന് മുൻപ് വന്ന് കുടുങ്ങിക്കിടക്കുന്നവരും അത്യാവശ്യത്തിന് തൊട്ടടുത്ത ജില്ലകളിലേക്ക് പോകേണ്ടവരുമുണ്ട്. ഇവർക്ക് യാത്രാനുമതി അതത് പൊലീസ് സ്റ്റേഷനിൽ അപേക്ഷിച്ചാൽ ലഭ്യമാകും.ലക്ഷദ്വീപിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാൻ നടപടിയെടുത്തും. സംസ്ഥാനത്തെ ഓട്ടോമൊബൈൽ വർക് ഷോപ്പുകൾക്ക് ഹോട്ട്സ്പോട്ടുകളിലല്ലാതെ പ്രവർത്തിക്കാം.സർക്കാർ അനുവദിച്ച കടകൾ തുറക്കുന്നതിൽ ആശയകുഴപ്പം ഉണ്ട്. കട തുറക്കാൻ തദ്ദേശ സ്ഥാപനത്തിന്റെ അംഗീകാരം വേണ്ട.

ഞായറാഴ്ച സമ്പൂർണ്ണ അവധി പ്രഖ്യാപിച്ചതാണ്. റംസാൻ കാലമായതിനാൽ ഭക്ഷണം പാർസൽ നൽകുന്ന സ്ഥാപനങ്ങൾക്ക് ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് ശേഷം പ്രവർത്തിക്കാം. അതിന് തടസമുണ്ടാകില്ല. കണ്ടെയ്ൻമെന്റ് സോണിലൊഴികെ റോഡുകൾ അടച്ചിടില്ല. ഇവിടെ മാത്രമാണ് കർക്കശ നിലപാട്. റെഡ് സോണിലായാലും കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് റോഡുകൾ അടയ്ക്കേണ്ടതില്ല. നിബന്ധനക്ക് വിധേയമായി വാഹനം അനുവദിക്കും. പൊതുഗതാഗതം അനുവദിക്കില്ല. വിദേശത്ത് നിന്ന് തിരികെ വരുന്നവർക്ക് ബന്ധുക്കളുമായി ആശയവിനിമയം നടത്താൻ സൗജന്യമായി മൊബൈൽ നമ്പർ നൽകുമെന്ന് ബിഎസ്എൻഎൽ അറിയിച്ചു.

നമ്മൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. നേരത്തെയും കടുത്ത പ്രതിസന്ധി നേരിട്ടതാണ്. എല്ലാ പ്രതിസന്ധിയിലും പുതിയ അവസരങ്ങൾ വരും. അവ പ്രയോജനപ്പെടുത്തണം. എന്നാലേ മുന്നേറാനാവൂ. കൊവിഡ് 19 മഹാമാരി പ്രതിസന്ധികളുണ്ടാക്കിയെങ്കിലും വിവിധ മേഖലകളിൽ പുതിയ അവസരം തുറക്കുന്നുണ്ട്. കേരള ജനത കൈവരിച്ച അസാധാരണമായ നേട്ടം സംസ്ഥാനത്തെ ലോകത്തെ തന്നെ ഏറ്റവും പ്രിയപ്പെട്ടതും സുരക്ഷിതവുമായ സ്ഥലമാക്കി മാറ്റി. ഏറ്റവും സുരക്ഷിതമായ നിക്ഷേപ കേന്ദ്രമായി കൂടി സംസ്ഥാനം മാറി.

ലോകത്തിന്റെ നാനാഭാഗത്തുമുള്ള നിക്ഷേപകരിലും സംരംഭകരിലും കേരളത്തെ കുറിച്ച് താത്പര്യം ഉളവായി. ഈ രംഗത്ത് ധാരാളം അന്വേഷണങ്ങൾ ലഭിക്കുന്നു. യഥാർത്ഥത്തിൽ നമ്മുടെ ശക്തി മനുഷ്യശേഷി തന്നെയാണ്. ആ വിഭവ ശേഷി ഒന്നുകൂടി ശക്തിപ്പെടുകയാണ്. കൊവിഡ് മഹാമാരി കാരണം വിവിധ രാജ്യങ്ങളിലെ പ്രവാസികൾ ഇങ്ങോട്ട് വരും. വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യം നേടിയവരാണ്. അവർ തിരികെ വരുന്നത് നമുക്ക് മുതൽക്കൂട്ടാണ്. ഏത് വ്യവസായത്തിനും മനുഷ്യ വിഭവശേഷം പ്രധാനം. നമ്മുടെ മനുഷ്യ വിഭവ ശേഷം ലോകത്തെ ഏത് രാജ്യത്തോടും കിടപിടിക്കാവുന്നതെന്ന് തെളിയിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് കേരളത്തിലേക്ക് വ്യവസായ മുതൽമുടക്ക് സ്വാഗതം ചെയ്യാൻ തീരുമാനം എടുക്കുകയാണ്.

ഈ ഘട്ടത്തിൽ അപേക്ഷിക്കുന്ന പ്രധാന വ്യവസായങ്ങൾക്ക് ലൈസൻസും അനുമതികളും ഒരാഴ്ചയ്ക്കകം നൽകും. ഉപാധികളോടെയാവുമിത്. ഒരു വർഷത്തിനകം സംരംഭകൻ നടപടി ക്രമം പൂർത്തിയാക്കണം. പോരായ്മകൾ തിരുത്താൻ അവസരം നൽകും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ബഹുതല ലോജിസ്റ്റിക്സ് സൗകര്യം ഏർപ്പെടുത്തും. അന്താരാഷ്ട്ര തലത്തിൽ ഇത് കേരളത്തെ പ്രധാന വാണിജ്യ ശക്തിയാകും.

കയറ്റുമതിയും ഇറക്കുമതിയും ശക്തിപ്പെടുത്താൻ ലോജിസ്റ്റിക്സ് പാർക്ക് ആരംഭിക്കും. അഴീക്കൽ തുറമുഖം വികസിപ്പിക്കും. കാർഷിക മേഖലയിൽ മൂല്യ വർധിത ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കും. പാലക്കാട് മെഗാ ഫുഡ് പാർക്കിലെ ഭൂമി കാർഷിക വ്യവസായങ്ങൾക്ക് പാട്ടത്തിന് നൽകും. ഉത്തര കേരളത്തിൽ നാളികേര പാർക്ക് സ്ഥാപിക്കും. കേരളത്തെ മികച്ച വ്യവസായ കേന്ദ്രമാക്കാനുള്ള നടപടിക്ക് ഉപദേശക സമിതി രൂപീകരിക്കും.  വ്യവസായ മുതൽമുടക്കിന് സ്റ്റാർ റേറ്റിങ് സമ്പ്രദായം ഏർപ്പെടുത്തും. സർക്കാർ ആനുകൂല്യം ഇത് കൂടി പരിഗണിച്ചാവും.

ഇന്ന് കൊവിഡ് മുക്തി നേടിയവരുടെ എണ്ണം ജില്ല തിരിച്ച് - ഇടുക്കി 11, കോഴിക്കോട് 4, കൊല്ലം 9, കണ്ണൂർ 19, കാസർഗോഡ് 2, കോട്ടയം 12, മലപ്പുറം 2, തിരുവനന്തപുരം 2. ഇന്നോടെ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകൾ കൊവിഡ് മുക്തമാവുകയാണ്. 

മറ്റൊരു സന്തോഷ വാ‍ർത്ത നിങ്ങളെ അറിയിക്കാനുള്ളത് നേരത്തെ മരവിപ്പിച്ച് നിർത്തിയ മൂന്ന് പാളം ഇരട്ടിപ്പിക്കൽ പദ്ധതി പുനരുജ്ജീവിപ്പിക്കും. ആലപ്പുഴ-കായംകുളം പാത ഇരട്ടിപ്പിക്കാൻ 1439 കോടിയുടെ പദ്ധതി. എറണാകുളം - കുമ്പളം 189 കോടിയും കമ്പളം - തുറവൂർ പാതയ്ക്ക് 250 കോടി തുറവൂർ അമ്പലപ്പുഴയ്ക്കുമാണ് തുക.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്, പഴം പച്ചക്കറി, തൈകൾ എന്നിവയുടെ കയറ്റുമതിക്കും ഇറക്കുമതിക്കും അനുവാദം കിട്ടി. കേന്ദ്രത്തിന്റെ ഉത്തരവ് ലഭിച്ചു. തിരുവനന്തപുരം ജില്ലയിലെ തട്ടത്തുമന ഗവ ഹയർ സെക്കണ്ടറി സ്കൂളിന് മിഴി എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചു. ഏപ്രിൽ 22 മുതൽ 30 വരെ മിഴിപ്പൂരം എന്ന പേരിൽ കുട്ടികളുടെ കലോത്സവം ഓൺലൈനായി സംഘടിപ്പിച്ചു. 

കുട്ടികൾ വീട്ടിൽ നിന്ന് പരിപാടികൾ വാട്സ്ആപ്പിൽ അയക്കും. പൂർവ്വ വിദ്യാർത്ഥികളുടെ സംഘം ഇത് യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യും. രക്ഷിതാക്കളുടെയും പൂർവ വിദ്യാർത്ഥികളുടെയും കലോത്സവം നടത്തി. എല്ലാ ലോക്ക് ഡൗൺ നിർദ്ദേശങ്ങളും പാലിച്ച് നടത്തിയ ഈ കലോത്സവം മാതൃക. സ്കൂളിനെ ഈ ഘട്ടത്തിൽ അഭിനന്ദിക്കുന്നു.

യു മാധവന്റെ ഒൻപതാമത് ചരമ വാർഷിക പരിപാടി മാറ്റി അതിനായി നീക്കിവച്ച 62500 രൂപ കൊണ്ട് വാങ്ങിയ 50 പിപിഇ കിറ്റ്, കാസർകോട് ആരംഭിക്കുന്ന ആശുപത്രിയുടെ ഇല്കട്രിക് കണക്ഷൻ സൗജന്യമായി ചെയ്യുമെന്ന് കെൽകോൺ അറിയിച്ചു. സംഘടന ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നൽകി. ദുരിതാശ്വാസത്തിന്റെ സംഭാവന വലിയ തോതിൽ പ്രവഹിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി 50 ലക്ഷം രൂപ, അഴീക്കോടൻ രാഘവന്റെ ഭാര്യ മീനാക്ഷി ഒരു മാസത്തെ പെൻഷൻ, ചെറുകാടിന്റെ പുസ്തകങ്ങളുടെ റോയൽറ്റിയിൽ നിന്ന് ഒരു ലക്ഷം അദ്ദേഹത്തിന്റെ കുടുംബം നൽകി.

Follow Us:
Download App:
  • android
  • ios