സെപ്റ്റംബറിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യും, 62 ലക്ഷത്തോളം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക നേരിട്ടെത്തും.

തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ആരംഭിക്കും. ഇതിനായി 841 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്‍റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രെഡിറ്റ്‌ ചെയ്യേണ്ടത്. ഈ സർക്കാർ ഇതുവരെ 42,841 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി ചെലവിട്ടതെന്നും മന്ത്രി അറിയിച്ചു.

നോര്‍ക്ക കെയർ

അതേസമയം, പ്രവാസി മലയാളികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്‍റെ ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു. കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസി കേരളീയര്‍ക്ക് ക്യാഷ്‍ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്.

ലോകകേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഈ ആശയത്തിന്റെ സാക്ഷാത്ക്കാരമാണ് നോര്‍ക്ക കെയര്‍. പ്രവാസികേരളീയര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുക്കുന്നതാണ് ‘നോര്‍ക്ക കെയര്‍’. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകും. നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസികള്‍ക്ക് നോര്‍ക്ക കെയറില്‍ അംഗമാകാൻ കഴിയും.