ഉച്ചയ്ക്ക് 12.50ഓടെ അഴിയൂര്‍ ജി ജെ ബി സ്‌കൂളിന് സമീപത്തായിരുന്നു സംഭവം.

കോഴിക്കോട്: വടകര അഴിയൂരില്‍ ഓട്ടോയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച 63 ലിറ്റര്‍ വിദേശമദ്യം പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.50ഓടെ അഴിയൂര്‍ ജി ജെ ബി സ്‌കൂളിന് സമീപത്തായിരുന്നു സംഭവം. കെഎല്‍ 58എച്ച് 6173 എന്ന നമ്പറിലുള്ള ഓട്ടോ എക്‌സൈസ് സംഘം പരിശോധിക്കാനായി കൈകാണിച്ചു. എന്നാല്‍ ഉടന്‍ തന്നെ ഡ്രൈവര്‍ ഇറങ്ങി ഓടുകയായിരുന്നു. 

ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് പുളിക്കൂല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ അനിരുദ്ധന്‍, പ്രജീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.