ശബരിമല തീർഥാടനം ആരംഭിച്ച ശേഷം സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ നിന്ന് 65 പാമ്പുകളെ പിടികൂടി ഉൾവനത്തിൽ വിട്ടു. സന്നിധാന പരിസരത്തുനിന്നു മാത്രം 65 പന്നികളെ പിടികൂടി ഉൾവനത്തിൽ വിട്ടെന്നും വനം വകുപ്പ്
പത്തനംതിട്ട: ശബരിമല തീർഥാടനം തുടങ്ങിയ ശേഷം ശബരിമല, പമ്പ പരിസരത്ത് നിന്ന് ഇതുവരെ 65 പാമ്പുകളെ പിടികൂടി ഉൾവനത്തിൽ വിട്ടെന്ന് വനം വകുപ്പ്. 16 ചേര, 11 അണലി, 8 കാട്ടുപാമ്പ് എന്നിവ ഉൾപ്പെടെയാണ് പിടികൂടിയത്. സന്നിധാന പരിസരത്തുനിന്നു മാത്രം 65 പന്നികളെ പിടികൂടി ഉൾവനത്തിൽ വിട്ടെന്നും വനം വകുപ്പ് അറിയിച്ചു.
12 അംഗീകൃത പാമ്പ് പിടിത്തക്കാരും 60ഓളം ആദിവാസി വിഭാഗത്തിലുൾപ്പെടുന്ന എക്കോ ഗാർഡുകളും തീർഥാടകർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നു. രാത്രിയിൽ അയ്യപ്പന്മാർ തങ്ങുന്ന സ്ഥലങ്ങളിൽ സോളാർ ഫെൻസിംഗുകൾ സ്ഥാപിച്ച് വനം വകുപ്പ് ഭക്തരുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.
വന്യജീവികളുടെ ആവാസ വ്യവസ്ഥക്ക് ദോഷം തട്ടാതിരിക്കാന്‍ കാനന പാതയില്‍ വിവിധ ഇടങ്ങളിലായി മാലിന്യം തള്ളുന്നതിന് പ്രത്യേക ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അയ്യപ്പന്മാർക്ക് പ്രകൃതി സൗഹൃദ ബാഗുകള്‍ വിതരണം ചെയ്യുന്നുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്ന് തീര്‍ഥാടകരെ സംരക്ഷിക്കാനായി 30 എലിഫന്‍റ് സ്ക്വാഡിനെയും റാപിഡ് റെസ്പോണ്‍സ് ടീമിനെയും നിയോഗിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.
പരമ്പരാഗത പാതകളിൽ അപകടാവസ്ഥ തരണം ചെയ്യുന്നതിനായി നാല് എമർജൻസി മെഡിക്കൽ സെൻ്ററുകളും ആശുപത്രി സൗകര്യവും ഏർപ്പെടുത്തി. കാനന പാത ചവിട്ടുന്ന അയ്യപ്പ ഭക്തന്മാർക്ക് അഴുതക്കടവ് മുതൽ പമ്പ വരെ സൗജന്യമായി കുടിവെള്ളം, ശൗചാലയം, വിരി വെക്കാനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. പമ്പയിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ കൺട്രോൾ റൂമാണ് വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.


