കൊല്ലം: കൊല്ലം ബൈപാസ്സിൽ അഞ്ച് മാസത്തിനിടെ ഉണ്ടായത് 54 അപകടങ്ങൾ. ഇതിൽ വഴിയാത്രക്കാരടക്കം ഏഴ് പേരാണ് കൊല്ലപ്പെട്ടത്. വാഹനങ്ങളുടെ എണ്ണത്തിനൊപ്പം അപകടങ്ങളും കൂടുന്നതാണ് കൊല്ലം ബൈപ്പാസിലൂടെയുള്ള യാത്ര ദുഷ്കരമാക്കുന്നത്.

അമിതവേഗത, ഗതാഗത നിയന്ത്രണ സംവിധാനങ്ങളിലെ പോരായ്മ തുടങ്ങിയ കാരണങ്ങളാലാണ് കൊല്ലം ബൈപാസ്സിലെ അപകടങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വർദ്ധിക്കുന്നത്. കുരീപ്പുഴ മുതല്‍ കല്ലുമതാഴം വരെയുള്ള ഭാഗമാണ് പ്രധാന അപകട കെണി. വേഗ പരിധി സൂചിപ്പിക്കുന്ന ബോർഡുകള്‍ ഒന്നും തന്നെ റോഡിന്‍റെ പാ‍ർശ്വങ്ങളില്‍ ഇല്ല. തിരക്കുള്ള ബൈപാസ്സ് റോഡില്‍ വാഹനപരിശോധനക്കോ ഗതാഗതം നിയത്രിക്കാനോ ചുമതലപ്പെട്ടവർ എത്താറില്ല. 

കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇവിടെയുണ്ടായ അപകടങ്ങളിൽ കൊല്ലപ്പെട്ട ഏഴിൽ മൂന്ന് പേരും കാല്‍നടയാത്രക്കാരാണ്. 54 വാഹന അപകടങ്ങളില്‍ നൂറിലധികം പേ‍ർക്കാണ് പരുക്ക് പറ്റിയത്. 13കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസ്സില്‍ വന്ന് ചേരുന്നത് 57 ഇട റോഡുകളാണ്. മിക്ക അപകടങ്ങളും നടക്കുന്നത് ഇടറോ‍ഡുകള്‍ വന്ന് ചേരുന്ന ഭാഗത്താണ്. അപകടങ്ങള്‍ ഒഴിവാക്കാൻ ഒരുമാസം മുൻപ് പോലീസ് മുൻകൈയെടുത്ത് പഠനം നടത്തി പക്ഷേ ഒരുപദ്ധതിയും നടപ്പാക്കിയില്ല.