മലപ്പുറം: വന്ദേ ഭാരത് ദൌത്യത്തിൻറെ ഭാഗമായി ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്നലെയെത്തിയ രണ്ട് വിമാനങ്ങളിലുമായി 7 പേർക്ക് കൊവിഡ് രോഗലക്ഷണം. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ 1.15 ന് കരിപ്പൂരിലെത്തിയ പ്രത്യേക വിമാനത്തിലെ ഒരാൾക്കും കുവൈറ്റിൽ നിന്നെത്തിയ വിമാനത്തിലെ 6 പേർക്കുമാണ് കൊവിഡ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. ജിദ്ദയിൽ നിന്നെത്തിയ വിമാനത്തിലെ  ഒരു സ്ത്രീയ്ക്കാണ് കൊവിഡ് ലക്ഷണമുള്ളത്. മലപ്പുറം സ്വദേശിയായ ഇവരെ മഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 155 പ്രവാസികളാണ് എ.ഐ - 960 എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്നലെ ജിദ്ദയിൽ നിന്നും കരിപ്പൂരിലെത്തിയത്

അതേ സമയം കുവൈറ്റിൽ നിന്നെത്തിയ വിമാനത്തിലെ 6 പേർക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതോടെ ഇവരെ മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ 108 ആംബുലന്‍സുകള്‍ കൊണ്ടുവന്ന് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇവരിൽ മൂന്ന് മലപ്പുറം സ്വദേശികള്‍, രണ്ട് പാലക്കാട് സ്വദേശികള്‍ എന്നിവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലേയ്ക്കും ഒരു കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഇവരുടെ സ്രവ പരിശോധന ഉടനെയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.