'1600 രൂപയുമായി 77ൽ കുടിയേറി, ദുരിതം അനുഭവിച്ചറിഞ്ഞതാ': 5 കുടുംബങ്ങൾക്ക് 10 സെന്‍റ് വീതം നൽകുമെന്ന് 73കാരൻ
ഭാര്യയ്ക്ക് അസുഖം വന്നപ്പോൾ സ്ഥലം വിറ്റ് ചികിത്സിച്ചു. ഭാര്യ മരിച്ചുപോയി. തന്‍റെ വിഹിതത്തിൽ നിന്നാണ് വയനാട്ടിലെ ദുരിത ബാധിതർക്ക് 50 സെന്‍റ് സ്ഥലം വിട്ടുനൽകുന്നതെന്ന് ഏലിയാസ്
കണ്ണൂർ: വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ സ്ഥലം ഉൾപ്പെടെ വാഗ്ദാനം ചെയ്ത് നിരവധി സാധാരണക്കാർ രംഗത്തുവരികയാണ്. അഞ്ച് കുടുംബങ്ങൾക്ക് 10 സെന്‍റ് സ്ഥലം വീതം നൽകാം എന്നാണ് പയ്യാവൂരിലെ 73 വയസുകാരൻ ഏലിയാസ് വ്യക്തമാക്കിയത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ എൻനാട് വയനാട് ലൈവത്തോണ്‍ പരിപാടിയുടെ ഭാഗമായാണ് ഏലിയാസ് ദുരിതബാധിതര്‍ക്ക് വീട് നിര്‍മിക്കാൻ സൗജന്യമായി സ്ഥലം വിട്ടുനല്‍കുമെന്ന് പറഞ്ഞത്.
ഒരുപാട് ദുരിതം അനുഭവിച്ച വ്യക്തിയായതുകൊണ്ട് വയനാട്ടിൽ എല്ലാം നഷ്ടമായവരുടെ കഷ്ടപ്പാടുകൾ മനസ്സിലാകുമെന്ന് ഏലിയാസ് വിശദീകരിച്ചു. 1977ലാണ് താൻ പയ്യാവൂരിലേക്ക് കുടിയേറിയതെന്ന് ഏലിയാസ് പറഞ്ഞു. 1600 രൂപയാണ് അന്ന് ആകെ കയ്യിലുണ്ടായിരുന്നത്. ബാക്കിയെല്ലാം രാപ്പകൽ അധ്വാനിച്ചുണ്ടാക്കിയതാണ്. മണ്ണിൽ പണി ചെയ്ത് നാലേക്കർ സ്ഥലം വാങ്ങി. രണ്ട് മക്കള്‍ക്കുമായി ഓരോ ഏക്കർ കൊടുത്തു. ഓരോ ഏക്കർ വീതം തന്‍റെയും ഭാര്യയുടെയും പേരിലുണ്ടായിരുന്നു. ഭാര്യയ്ക്ക് അസുഖം വന്നപ്പോൾ സ്ഥലം വിറ്റ് ചികിത്സിച്ചു. ഭാര്യ മരിച്ചുപോയി. തന്‍റെ ഒരേക്കർ വിഹിതത്തിൽ നിന്നാണ് വയനാട്ടിലെ ദുരിത ബാധിതർക്ക് 50 സെന്‍റ് സ്ഥലം വിട്ടുനൽകുന്നതെന്നും ഏലിയാസ് പറഞ്ഞു.
തനിക്ക് രണ്ട് ആണ്‍മക്കളാണെന്നും അവരുടെ പിന്തുണയോടെയാണ് സ്ഥലം വിട്ടുനൽകുന്നതെന്നും ഏലിയാസ് വിശദീകരിച്ചു. തന്‍റെ തീരുമാനം അറിഞ്ഞപ്പോൾ അവർക്ക് സന്തോഷമായെന്നും ഏലിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വയനാട്ടിൽ ജീവൻ നഷ്ടമായവർക്കും ദുരിതബാധിതർക്കുമായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ