തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നു. ഇന്ന്  കൊവിഡ് 19 സ്ഥിരീകരിച്ച 1078 പേരില്‍ 798 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഇന്നലെ 785 പേര്‍ക്കായിരുന്നു സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. ഉറവിടമറിയാത്ത കേസുകളും കൂടുകയാണ്. ഇന്ന് 65 കേസുകളാണ് ഉറവിടമറിയാത്തതായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ഇത് 57 ആയിരുന്നു.

ഉറവിടമറിയാത്ത കേസുകളുടെയും സമ്പര്‍ക്ക രോഗികളുടെയും എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് സംസ്ഥാനത്ത് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്.  തിരുവനന്തപുരത്താണ് കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. ഇന്ന് തിരുവനന്തപുരത്ത് 222 പേര്‍ക്കാണ് കൊവിഡ് 19 പൊസിറ്റീവ് ആയത്. ഇതില്‍  206 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത 16 കേസുകളും തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തു.

കൊല്ലം ജില്ലയില്‍ ഇന്ന് സ്ഥിരീകരിച്ച 106 കൊവിഡ് കേസുകളില്‍ 94 പേർക്കും സമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്. കൊല്ലത്ത് 9 പേരുടെ രോഗ ഉറവിടവും അറിയില്ല. എറണാകുളം ജില്ലയില്‍ 100 കേസുകളില്‍ 94 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്  രോഗം ബാധിച്ചത്. 

ഇടുക്കി ജില്ലയിലെ സമ്പര്‍ക്ക കണക്കും ആശങ്കയുണ്ടാക്കുന്നാണ്. 63 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 55 പേര്‍ക്കും കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. കണ്ണൂരില്‍ 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഏഴ് ആരോഗ്യ പ്രവര്‍ത്തകരും ഒരു തടവുകാരനുമടക്കം ആകെ 51 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.