കളക്ടറുടെ നേതൃത്വത്തിൽ വാക്സിനെടുത്ത 78 രക്ഷിതാക്കളെയും വിളിച്ചു. കുട്ടികൾക്ക് കോ വാക്സീൻ നൽകിയാലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു

തൃശ്ശൂർ: തൃശൂർ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിൻ (Vaccine) മാറി നൽകി.80 കുട്ടികൾക്ക് ആണ് വാക്സിൻ മാറി നൽകിയത് .ശനിയാഴ്ച എത്തിയ 12നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് കോർബി വാക്സിന് പകരം കോ വാക്സിൻ നൽകിയത്.സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.സി എം ഒ യ്ക്കാണ് അന്വേഷണ ചുമതല.7 വയസ്സിന് മുകളിൽ ഉള്ളവർക്ക് കോവാക്സിൻ നൽകാൻ അനുമതി ഉണ്ടെന്നും, ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥലത്തെത്തിയ ജില്ലാ കളക്ടർ ഹരിത വി. കുമാർ അറിയിച്ചു. 

കളക്ടറുടെ നേതൃത്വത്തിൽ വാക്സിനെടുത്ത 78 രക്ഷിതാക്കളെയും വിളിച്ചു. കുട്ടികൾക്ക് കോ വാക്സീൻ നൽകിയാലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലും ജില്ലാ, മെഡിക്കൽ കൊളെജ് ആശുപത്രികളിലും ശിശു രോഗവിദഗ്ധരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കിയതായും ജില്ലാ ഭരണകൂടം അറിയിച്ചു. വാക്സിൻമാറിയ സംഭവത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മൂന്നു ജീവനക്കാർക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

12 വയസ് മുതലുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്സിനേഷൻ യജ്ഞത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്നലെ വരെ 58,009 കുട്ടികൾ വാക്സീൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. 15 മുതൽ 17 വരെ പ്രായമുള്ള 12,106 കുട്ടികളും 12 മുതൽ 14 വരെ പ്രായമുള്ള 45,903 കുട്ടികളും വാക്സിൻ സ്വീകരിച്ചു. 

15 മുതൽ 17 വരെ പ്രായമുള്ള 5249 കുട്ടികൾ ആദ്യ ഡോസും 6857 കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചു. 12 മുതൽ 14 വരെ പ്രായമുള്ള 35,887 കുട്ടികൾ ആദ്യ ഡോസും 10,016 കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചു. വാക്സിനേഷൻ യജ്ഞം മേയ് 28 വരെ തുടരും. 15 മുതൽ 17 വരെ പ്രായമുള്ള 82 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 54 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 മുതൽ 14 വരെ പ്രായമുള്ള 48 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 13 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകി.

അട്ടപ്പാടിയിൽ വീണ്ടും നവജാതശിശുമരണം 
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. കാവുണ്ടിക്കൽ ഊരിലെ മണികണ്ഠൻ കൃഷ്ണ വേണി ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയത് വീട്ടിലേക്ക് പോകുമ്പോൾ ഗൂളിക്കടവിൽ വെച്ച് കുട്ടിക്ക് അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.

സ്കൂളുകളുടേയും അംഗനവാടികളുടേയും മേൽക്കൂര നിർമ്മാണത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെയും അംഗനവാടികളുടേയും മേൽക്കൂര നിർമ്മാണത്തിനും ഫിറ്റ്നസ്‌ സർട്ടിഫിക്കറ്റ്‌ നൽകാനും‌ മാർഗനിർദ്ദേശ‌ം പുറത്തിറക്കി തദ്ദേശ സ്വയംഭരണ വകുപ്പ്‌. ജൂൺ ഒന്നിന്‌ പുതിയ അധ്യയന വർഷം തുടങ്ങുന്ന സാഹചര്യത്തിലാണ്‌ അടിയന്തിര നിർദ്ദേശം. പുതുതായി നിർമ്മിക്കുന്ന സർക്കാർ സ്കൂൾ കെട്ടിടങ്ങൾക്കും അങ്കണവാടികൾക്കും നിശ്ചിത നിലവാരത്തിലുള്ള ‌നോൺ ആസ്ബറ്റോസ്‌ ഷീറ്റ്‌ മേൽക്കൂരകൾ ഉപയോഗിക്കാം. 

സ്വകാര്യ സ്കൂൾ കെട്ടിടങ്ങൾക്ക്‌ ഇതിന്‌ പുറമേ നോൺ ആസ്ബസ്റ്റോസ്‌ സാൻഡ് വിച്ച്‌ ഷീറ്റ്‌ ഉപയോഗിച്ചും മേൽക്കൂര നിർമ്മിക്കാം. ടിൻ/അലുമിനിയം/ഷീറ്റ്‌ മേഞ്ഞ സ്കൂൾ/അങ്കണവാടി കെട്ടിടങ്ങൾക്ക്‌ അടുത്ത അധ്യയന വർഷത്തിനുള്ളിൽ ഫാൾസ്‌ സീലിംഗ്‌ ചെയ്യണം. 

ഇതിനൊപ്പം ഫാനും ഘടിപ്പിക്കണം. ഈ നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഫിറ്റ്നസ്‌ നൽകാം. 2019ലെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ നിലവിൽ വരുന്നതിന്‌ മുൻപ്‌ നിർമ്മാണം ആരംഭിച്ചതും, 2019ന്‌ ശേഷം പൂർത്തിയായതുമായ കെട്ടിടങ്ങൾക്ക്‌ ഫയർ ആൻഡ്‌ സേഫ്റ്റി സൗകര്യം ഒരുക്കുന്നതിൽ ഇളവ്‌ നൽകി ഫിറ്റ്നസ്‌ സർട്ടിഫിക്കറ്റ്‌ നൽകാനും അനുമതിയുണ്ട്.