കണ്ണൂർ: കൊവിഡ് രോഗം മാറിയ ശേഷം ചികിത്സയിൽ തുടർന്നിരുന്നയാൾ മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി കുഞ്ഞിരാമനാണ് മരിച്ചത്. 81 വയസായിരുന്നു. വൃക്കരോഗത്തെ തുടർന്നാണ് മരണം. 

അതീവ ഗുരുതരാവസ്ഥയിൽ ദില്ലിയിൽ നിന്നും നാട്ടിലെത്തിയ ഇദ്ദേഹത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ചികിത്സയാരംഭിച്ചു. 

ചികിത്സയിൽ ഇയാൾ കൊവിഡ് ബാധയിൽ നിന്നും മുക്തി നേടുകയും കഴിഞ്ഞ മാസം 19,20 തീയതികളിൽ നടത്തിയ കൊവിഡ് ടെസ്റ്റിൽ ഫലം നെഗറ്റീവായി വരികയും ചെയ്തിരുന്നു. എന്നാൽ ഇതിനോടകം വൃക്ക രോഗം മൂർച്ഛിരുന്നതിനാൽ ഇദ്ദേഹം ആശുപത്രിയിൽ തന്നെ ചികിത്സയിൽ തുടരുകയായിരുന്നു. ഒടുവിൽ ഇരുവൃക്കകളും പ്രവർത്തരഹിതമായതോടെയാണ് മരണം സംഭവിച്ചത്.