Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാൻ 82 ലക്ഷം, കേരളത്തെ അപമാനിക്കുന്നതിന് തുല്ല്യം': രൂക്ഷ വിമർശനവുമായി ബിജെപി

മുഖ്യമന്ത്രി പിണറായി വിജയനും ലോക കേരളസഭയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

82 lakhs to share the stage with the Chief Minister equal to humiliating Kerala sharp criticism from BJP ppp
Author
First Published Jun 2, 2023, 9:27 PM IST

തിരുവനന്തപുരം: ലോക കേരളസഭയുടെ പേരിൽ പ്രവാസികളുടെ പണം അനധികൃതമായി പിരിക്കുന്നതിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടണമെങ്കിൽ 82 ലക്ഷം രൂപ നൽകണമെന്നത് കേരളത്തിനെ അപമാനിക്കുന്നതിന് തുല്ല്യമാണ്. 

പാവപ്പെട്ട പ്രവാസികൾ ചോരനീരാക്കിയുണ്ടാക്കിയ സമ്പാദ്യം തട്ടിപ്പറിക്കുന്നതിന് തുല്ല്യമാണ് പിണറായി വിജയന്റെ ഈ നടപടി. എങ്ങനെയെങ്കിലും പണമുണ്ടാക്കുക എന്നത് മാത്രമാണ് മുഖ്യമന്ത്രിയുടേയും സഹമന്ത്രിമാരുടേയും ലക്ഷ്യം. കമ്മ്യൂണിസ്റ്റുകാരുടെ യഥാർത്ഥ വർഗരാഷ്ട്രീയമാണ് പിണറായി വിജയൻ തുറന്ന് കാണിച്ചിരിക്കുന്നത്. പണമുള്ളവർക്ക് തന്റെ അരികിൽ സീറ്റും പണമില്ലാത്തവർക്ക് കടക്ക് പുറത്ത് സന്ദേശവുമാണ് മുഖ്യമന്ത്രി നൽകുന്നത്. കമ്മ്യൂണിസം എന്ന ആശയത്തിന്റെ ജീർണതയാണ് മറനീക്കി പുറത്തുവരുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയോടൊപ്പം സംസാരിക്കാനും ഭക്ഷണം കഴിക്കാനും വരെ പണം വാങ്ങിക്കുന്ന സംഭവം ലോകത്ത് തന്നെ ആദ്യത്തേതായിരിക്കും. സംസ്ഥാനം സാമ്പത്തികമായി തകർന്നിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ യാത്ര ഉപേക്ഷിക്കുകയും ലോക കേരളസഭ നിർത്തിവെക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Read more: 'എട്ട് മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയക്കൊടവിൽ ആശ്വാസം'; സിയ മെഹറിനെ സന്ദർശിച്ച് മന്ത്രി

അതേസമയം, ആഢംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രതീകമായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു. അതുകൊണ്ടാണ് അമേരിക്കയില്‍ അദ്ദേഹത്തോടൊപ്പമിരിക്കാന്‍ രണ്ടു കോടിയിലധികം രൂപ ഈടാക്കുന്നത്. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ഉയര്‍ത്തിപ്പിടിച്ച കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാന്‍ അനുവദിച്ചിട്ടില്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മടിയില്‍വരെ സാധാരണക്കാരായ ആളുകള്‍ കയറിയിരുന്ന ചരിത്രമാണുള്ളത്. അടിസ്ഥാനവര്‍ഗത്തിന്റെ നേതാവായി അവകാശപ്പെടുന്ന പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടുപഠിക്കണമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

പ്രവാസികളോട് അങ്ങേയറ്റം ആദരവുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. എന്നാല്‍, പ്രവാസികളിലെ ഏതാനും സമ്പന്നന്മാര്‍ പിണറായി ഭക്തിമൂത്ത് കാട്ടിക്കൂട്ടുന്ന പേക്കൂത്തകളോടാണ് എതിര്‍പ്പുള്ളത്. പ്രവാസി സമൂഹത്തിലെ സാധാരണക്കാരുടെ ഇടയിലും വലിയ എതിര്‍പ്പാണുള്ളത്. ലോക കേരളസഭ മൊത്തത്തിലൊരു പ്രാഞ്ചിയേട്ടന്‍ പരിപാടിയായി മാറുകയും സാധാരണ പ്രവാസിയുടെ സാന്നിധ്യം അതില്‍ ഇല്ലാതെ വരുകയും ചെയ്തപ്പോഴാണ് കോണ്‍ഗ്രസ് മാറിനിന്നതെന്നും സുധാകരൻ ചൂണ്ടികാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios