തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 87 ആയി. ഉരുള്‍പ്പൊട്ടല്‍ വന്‍ദുരന്തം വിതച്ച കവളപ്പാറയില്‍ നിന്നും ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഇവിടെ നിന്നും 20 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 39 പേരെയാണ് കവളപ്പാറയില്‍ നിന്നും കണ്ടെത്താനുള്ളത്. ഇന്നലെ നടന്ന തെരച്ചിലില്‍ ആറുപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ആലപ്പുഴ മണ്ണഞ്ചേരിയില്‍ മധ്യവയസ്കന്‍ വെള്ളക്കെട്ടില്‍ വീണുമരിച്ചു. മണ്ണഞ്ചേരി സ്വദേശി  അജിത് കുമാർ [നാരായണൻ -50 ) ആണ് മരിച്ചത്.

വയനാട് പുത്തുമലയിലും തുടർച്ചയായി അഞ്ചാം ദിവസം നടത്തുന്ന രക്ഷാപ്രവർത്തനം തുടരും. കൂടുതൽ വാഹനങ്ങൾ എത്തിച്ചു ദുരന്ത ഭൂമിയിലെ ചെളിയും മണ്ണും നീക്കൽ തുടരാൻ തന്നെയാണ് തീരുമാനം. ഇനിയും ഏഴ് പേരെയാണ് കണ്ടെത്താൻ ഉള്ളത്. കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.അനുകൂലമയ കാലാവസ്ഥ തെരച്ചിലിന് സഹായകരമാകുമെന്നാണ് രക്ഷാപ്രവർത്തകരുടെ പ്രതീക്ഷ. ഒപ്പം വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദർ‍ശിക്കും.