Asianet News MalayalamAsianet News Malayalam

പതിനെട്ട് വയസിന് താഴെയുളള 9 കുട്ടികൾ, കൊവിഡ് അനാഥരാക്കിയ കുരുന്നുകൾക്ക് താങ്ങായി സർക്കാർ

അനാഥരായ ഇവർക്ക് അൽപ്പമെങ്കിലും ആശ്വാസമായിരിക്കുകയാണ് സർക്കാർ ഇന്നലെ പ്രഖ്യാപിച്ച സംരക്ഷണ പാക്കേജ്.

9 children in  kerala lost their parents due to covid 19
Author
Thiruvananthapuram, First Published May 28, 2021, 1:51 PM IST

തിരുവനന്തപുരം: കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട പതിനെട്ട് വയസ്സിന് താഴെയുളള 9 കുട്ടികളാണ് സംസ്ഥാനത്തുളളത്. അനാഥരായ ഇവർക്ക് അൽപ്പമെങ്കിലും ആശ്വാസമായിരിക്കുകയാണ് സർക്കാർ ഇന്നലെ പ്രഖ്യാപിച്ച സംരക്ഷണ പാക്കേജ്. കേന്ദ്ര സർക്കാരിന്‍റെ നിർദേശ പ്രകാരമാണ് സംസ്ഥാനത്ത് കൊവിഡിൽ അനാഥരായവരെ കണ്ടെത്തി സംരക്ഷിക്കുന്നത്. 

ഒരാഴ്ചയുടെ വ്യത്യാസത്തിൽ കൊവിഡ് അച്ഛനെയും അമ്മയെയും കവർന്നെടുത്തപ്പോൾ തകർന്നത് ബിയയുടെയും മൂന്ന് സഹോദരിമാരുടെയും സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. അനാഥത്വത്തിന്‍റെ ഒറ്റപ്പെടൽ പറഞ്ഞു തീർക്കുന്നതിന് മുമ്പ് തന്നെ ബിയയുടെ വാക്കുകൾ മുറിഞ്ഞു.

മെയ് രണ്ടിനാണ് കൊവിഡ് ബാധിച്ച് കുറുപ്പന്തറ സ്വദേശി ബാബു മരിക്കുന്നത്. അച്ഛന്‍റെ വിയേഗ വാർത്തയറിഞ്ഞ് രണ്ടാഴ്ച്ച തികയും മുമ്പ് അമ്മ ജോളിയും കൊവിഡിന് കീഴടങ്ങി. എട്ടാം ക്ലാസ്സുകാരി മരിയയെ മൂന്ന് ചേച്ചിമാരുടെ തണലിലേൽപ്പിച്ച്. താങ്ങും തണലുമായവർ പെട്ടെന്ന് തനിച്ചാക്കി പോയപ്പോൾ മൂന്ന് സഹോദരിമാരെയും ചേർത്ത് വെച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയായിരുന്നു ഫിസിയോ തെറാപ്പി അവസാന വിദ്യാർത്ഥിനിയായി മൂത്ത സഹോദരി ചിഞ്ചു. കൂടെയുളള അംഗപരിമിധിയുളള അച്ഛന്‍റെ സഹോദരി ഷൈബിയുടെ എംജി സർവകലാശാലയിലെ താത്കാലിക ജോലി മാത്രമായിരുന്നു ഇവർക്ക് മുമ്പിലുളള പ്രതീക്ഷ. 

ഇവരെ പോലെ സംസ്ഥാനത്ത് ഇത് വരെ പതിനെട്ട് വയസ്സിന് താഴെയുളള 9 കുട്ടികളുടെ മാതാപിതാക്കളെ കൊവിഡ് കവർന്നെടുത്തെന്നാണ് സാമൂഹ്യ നീതി വകുപ്പിന്‍റെ കണ്ടെത്തൽ. ഇവരെയെല്ലാം ഇനി സർക്കാർ സംരക്ഷിക്കും. കൊവിഡ് മാതാപിതാക്കളെ നഷ്ടപ്പെടുത്തിയ 18 വയസ്സിന് താഴെയുളള കുട്ടികൾക്ക് ഒറ്റതവണയായി 3 ലക്ഷം രൂപയും 18 വയസുവരെ പ്രതിമാസം രണ്ടായിരം രൂപയും, ബിരുദ തലം വരെയുളള വിദ്യാഭ്യാസവും ഏറ്റെടുക്കുമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ പ്രഖ്യാപനം. രാജ്യത്താകെ ഇത് വരെ മാതാപിതാക്കളെ കൊവിഡ് കവർന്നതിനെ തുടർന്ന് അനാഥമായത് 577 കുട്ടികളാണ്.

 

Follow Us:
Download App:
  • android
  • ios