മലപ്പുറം: ജില്ലയിൽ കൊവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധന. പ്രതിദിന രോഗബാധതിരുടെ എണ്ണം 900വും കടന്ന് 915 പേർക്കാണ് ഞായറാഴ്ച ജില്ലയിൽ രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇതിൽ 848 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. 

അടുത്തടുത്ത ദിവസങ്ങളിലായാണ് ഇത്രയുമധികം രോഗബാധിതർ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 40 പേർക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇന്ന് രോഗബാധയുണ്ടായവരിൽ നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 18 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. ഇന്ന് രോഗമുക്തി നേടിയ 399 പേരുൾപ്പടെ ഇതുവരെ 15,060 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയിൽ വീടുകളിലേക്ക് മടങ്ങിയത്.