വെള്ളറടയിൽ 916 മുദ്രയുള്ള മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ നാലംഗ സംഘം പിടിയിലായി. പലയിടത്തും തട്ടിപ്പ് നടത്തിയ ഇവർ നാലാമത്തെ ശ്രമത്തിനിടെ സ്ഥാപന ഉടമയ്ക്ക് സംശയം തോന്നിയതോടെയാണ് കുടുങ്ങിയത്.

തിരുവനന്തപുരം: വെള്ളറടയിലും പരിസരങ്ങളിലുമായി 916 മുദ്രയുള്ള മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ നാല് പ്രതികളെ പൊലീസ് പിടികൂടി. ചാരുംകുഴി സ്വദേശി അരുണ്‍ (39), അയൽവാസിയായ അഭിലാഷ് (31), ആറ്റൂർ സ്വദേശി ഷാജു (36) മാരായമുട്ടം സ്വദേശി രഞ്ജിത്ത് (38) എന്നിവരാണ് പിടിയിലായത്. ആദ്യം ഒരാൾ എത്തി പരിചയപ്പെടുത്തിക്കൊടുത്ത ശേഷം പിന്നാലെ മറ്റുള്ളവരെത്തി മുക്കുപണ്ടം പണയം വയ്ക്കുകയായിരുന്നു രീതി.

മൂന്ന് സ്ഥലത്ത് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ ഇവർ നാലാമതും തട്ടിപ്പിന് ശ്രമിച്ചപ്പോൾ സ്ഥാപന ഉടമയ്ക്ക് സംശയം തോന്നിയതോടെയാണ് പിടിയിലായത്. അഞ്ചുമരംകാലയിലെ സ്ഥാപനത്തിലാണ് ഇവർ എത്തിയത്. 916 മുദ്ര ഉണ്ടെങ്കിലും മുക്കുപണ്ടമാണെന്ന് മനസിലാക്കിയതോടെ ജീവനക്കാർ തങ്ങളെ സംശയിക്കുന്നെന്ന് മനസിലാക്കിയ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം വെള്ളറട സ്‌റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളറട പൊലീസ് എത്തി ഇവരെ പിടികൂടി. ഇവര്‍ പണയം വെക്കാനെത്തിയ വാഹനവും ആഭരണങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.