അടയ്ക്ക പറിക്കുന്നതിനായി കവുങ്ങില്‍ കയറുന്നതിനിടെ യന്ത്രത്തില്‍ കാല്‍ കുടുങ്ങി തലകീഴായി തൂങ്ങിപ്പോയ വയോധികന് രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട്: അടയ്ക്ക പറിക്കുന്നതിനായി കവുങ്ങില്‍ കയറുന്നതിനിടെ യന്ത്രത്തില്‍ കാല്‍ കുടുങ്ങി തലകീഴായി തൂങ്ങിപ്പോയ വയോധികന് രക്ഷകരായി അഗ്നിരക്ഷാ സേന. പേരാമ്പ്ര മുതുവണ്ണാച്ച തൊട്ടാര്‍മയങ്ങിയില്‍ അമ്മത് ഹാജി(60)യാണ് അപകടത്തില്‍പ്പെട്ടത്. ചങ്ങരോത്ത് തെക്കേടത്ത് കടവിന് സമീപം പുറവൂരിലെ തോട്ടത്തില്‍ നിന്ന് അടയ്ക്ക പറിക്കുന്നതിനിടയിലാണ് സംഭവം.

വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ, അഗ്നിരക്ഷാ സേനയുടെ പരിശീലനം ലഭിച്ച കടിയങ്ങാട് നാഗത്ത് സ്വദേശി കെഡി റിജേഷ്, നാട്ടുകാരായ മലയില്‍ മുനീര്‍, നാഗത്ത് റിയാസ് എന്നിവര്‍ ചേര്‍ന്ന് അമ്മതിനെ കവുങ്ങിനോട് ചേര്‍ത്ത് കെട്ടുകയായിരുന്നു. അല്‍പസമയത്തിനകം എത്തിച്ചേര്‍ന്ന പേരാമ്പ്ര അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഇയാളെ സുരക്ഷിതമായി താഴെ ഇറക്കിയ ശേഷം ആശുപത്രിയില്‍ എത്തിച്ചു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം പ്രദീപന്‍, പിസി പ്രേമന്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ കെ ശ്രീകാന്ത്, ജിബി സനല്‍രാജ്, വി വിനീത്, പിപി രജീഷ്, ആര്‍ ജിനേഷ്, എസ്എസ് ഹൃതിന്‍ തുടങ്ങിയര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.