പത്ത്, പ്ലസ് വണ്‍ ക്ലാസുകളില്‍ പഠിക്കുന്ന സഹോദരങ്ങള്‍ക്കാണ് മര്‍ദ്ദനമേറ്റത്. 

പാലക്കാട്‌: ചാലിശ്ശേരിയിൽ മക്കളെ അച്ഛൻ പട്ടിക കൊണ്ട് ക്രൂരമായി മർദിച്ചു. മുക്കൂട്ട സ്വദേശി അൻസാറാണ് മക്കളെ തല്ലിച്ചതച്ചത്. പ്ലസ് വണ്ണിലും പത്തിലും പഠിക്കുന്ന മക്കളാണ് അച്ഛൻെ ക്രൂര പീഡനത്തിന് ഇരയായത്. മദ്യലഹരിയിലാണ് അന്‍സാര്‍ കുട്ടികളെ മർദിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ അച്ഛൻ ഒളിവിലാണ്.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ക്രൂര സംഭവം നടന്നത്. നബിദിന പരിപാടിയുടെ ഭാഗമായി ദഫ് പരിശീലനത്തിന് കുട്ടികള്‍ പോയിരുന്നു. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളെ അന്‍സാര്‍ വഴിയില്‍ വെച്ച് കണ്ടു. മദ്യപിച്ച് എത്തിയ അന്‍സാര്‍ എന്താണ് വൈകിയതെന്ന് ചോദിച്ച് കുട്ടികളെ തല്ലുകയായിരുന്നു. വീട്ടിലേക്ക് വലിച്ചു കൊണ്ടുവന്ന് പട്ടിക കൊണ്ട് രണ്ട് പേരെയും ക്രൂരമായി മർദിച്ചു. കുട്ടികളുടെ കൈക്ക് പൊട്ടലുണ്ട്. ഒരു മകൻ്റെ വാരിയെല്ലിനും പരിക്കേറ്റു. ശരീരമാകെ മർദനമേറ്റതിന്‍റെ പാടുകളുണ്ട്. 

കുന്നംകുളത്തെ ആശുപത്രിയിൽ കുട്ടികൾ ചികിത്സ തേടി. ചാലിശ്ശേരി പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ നാസറിനായി പൊലീസ് അന്വേഷണം തുടങ്ങി. അൻസാർ മദ്യപിച്ചെത്തിയാണ് മർദിച്ചത് എന്നാണ് പൊലീസ് നിഗമനം. മുമ്പും ഇയാൾ ഭാര്യയേയും മക്കളേയും മർദിച്ചിരുന്നതായി ബന്ധുക്കൾ അറിയിച്ചു.