നൂറുൽ ഹുദാ എന്ന ഫൈബർ വള്ളത്തിൽ മറ്റ് തൊഴിലാളികൾക്കൊപ്പം മത്സ്യ ബന്ധനം നടത്തുന്നതിനിടയിലാണ് സുധി കടലിൽ വീണത്.

കോഴിക്കോട്: അഴീക്കോട് മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് തൊഴിലാളിയെ കാണാതായി. എറിയാട് ചന്തക്ക് പടിഞ്ഞാറ് വശം കാര്യേഴ്ത്ത സുധി (42) യാണ് ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത്. അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് വശത്തായിരുന്നു സംഭവം. നൂറുൽ ഹുദാ എന്ന ഫൈബർ വള്ളത്തിൽ മറ്റു തൊഴിലാളികൾക്കൊപ്പം മത്സ്യ ബന്ധനം നടത്തുന്നതിനിടയിലാണ് സുധി കടലിൽ വീണത്. അഴീക്കോട് തീരദേശ പൊലീസിൻ്റെ നേതൃത്വത്തിൽ ഇയാൾക്കായി തെരച്ചിൽ നടത്തിവരികയാണ്.

ക്വാറികള്‍, ഉരുള്‍പൊട്ടല്‍ ഭീഷണി; ഭരണങ്ങാനത്ത് ദുരിതാശ്വാസ ക്യാമ്പ് ഒഴിയാതെ 18 കുടുംബങ്ങള്‍, പ്രതിഷേധം

കോട്ടയം: പാറ ക്വാറികളുടെ പ്രവര്‍ത്തനം ദുസഹമായതോടെ ജീവന് സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ഭരണങ്ങാനത്ത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ഒഴിയാതെ നാട്ടുകാരുടെ പ്രതിഷേധം. ഭരണങ്ങാനം നാടുകാണിയിലെ ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന വീട്ടുകാരുടെ പുനരധിവാസം ഉറപ്പാക്കുകയോ ചെയ്യണമെന്നാണ് ദുരന്ത സാധ്യത മേഖലയില്‍ കഴിയുന്ന 18 കുടുംബങ്ങളുടെ ആവശ്യം. തുടര്‍ച്ചയായി കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ നിന്ന് ഒഴിഞ്ഞു കൊടുക്കേണ്ടെന്ന് നാട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഏത് നിമിഷവും നിലം പതിക്കുമെന്ന് തോന്നിക്കുന്ന പാറക്കൂട്ടങ്ങള്‍ക്കു താഴെ അവിടവിടയായി വിളളല്‍ വീണു കിടക്കുന്ന 18 വീടുകളാണുള്ളത്. ഈ മനുഷ്യരുടെയെല്ലാം മുന്‍ഗാമികളും താമസിച്ചത് ഇവിടെ തന്നെയായിരുന്നു. ഏതാണ്ട് നൂറു വര്‍ഷമായി ആളുകള്‍ താമസിക്കുന്ന ഈ സ്ഥലത്ത് ജനജീവിതം ഉരുള്‍പൊട്ടല്‍ ഭീഷണിയിലായത് മൂന്നു വര്‍ഷം മുമ്പാണ്. ഈ ജനവാസ മേഖലയുടെ മറുവശത്ത് പാറ ക്വാറികള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് ജീവിതം ദുസ്സഹമായത്. 

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ പെയ്ത മഴയ്ക്കൊപ്പവും ഉണ്ടായി ഉരുളുപൊട്ടലൊന്ന്. ആളപായമുണ്ടായില്ലെങ്കിലും ചില വീടുകള്‍ ഭാഗികമായി തകര്‍ന്നു. അതുകൊണ്ടാണ് ഈ മഴക്കാലത്ത് ഇവരെല്ലാം തൊട്ടടുത്ത സര്‍ക്കാര്‍ സ്കൂളിലെ ക്യാമ്പിലേക്ക് മാറിയത്. മഴപ്പേടി അകന്നെങ്കിലും ഈ ക്യാമ്പൊഴിയാന്‍ പക്ഷേ ഇവരാരും തയാറല്ല. 2019 മുതല്‍ പഞ്ചായത്തും കളക്ടറേറ്റും ഉള്‍പ്പെടെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളും കയറി ഇറങ്ങി മടുത്തതോടെയാണ് ക്യാമ്പില്‍ നിന്ന് ഒഴിഞ്ഞ് കൊടുക്കാതെയുളള പ്രതിഷേധത്തിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരായതെന്ന് നാട്ടുകാര്‍ പറയുന്നു.