Asianet News MalayalamAsianet News Malayalam

എഎസ്ഐ ശ്രീകുമാറിന്റെ ആത്മഹത്യ; മുൻ എസ്പി സുജിത് ദാസിനെതിരെ ​ആരോപണവുമായി സുഹൃത്ത്, 'ആത്മഹത്യ കുറിപ്പ് മാറ്റി'

പിടികൂടുന്ന പ്രതികളെ മർദിക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ നിർബന്ധിക്കാറുണ്ടായിരുന്നു. അത് ചെയ്യാതെ വന്നപ്പോൾ സ്ഥലം മാറ്റിയും അവധി നൽകാതെയും ബുദ്ധിമുട്ടിച്ചുവെന്നും മുൻ എസ്പി സുജിത് ദാസാണ് ബുദ്ധിമുട്ടിച്ചതെന്നും ശ്രീകുമാർ പറഞ്ഞതായി നാസർ പറയുന്നു. 

A friend disclosed about the suicide of ASI Sreekumar in Edavanna
Author
First Published Sep 5, 2024, 9:29 AM IST | Last Updated Sep 5, 2024, 11:46 AM IST

മലപ്പുറം: എടവണ്ണയിൽ പൊലീസുകാരനായ എഎസ്ഐ ശ്രീകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തലുമായി സുഹൃത്ത് രം​ഗത്ത്. മരിക്കുന്നതിന് തലേ ദിവസം പൊലീസ് സേനയിൽ നിന്ന് നേരിട്ട ബുദ്ധിമുട്ട് ശ്രീകുമാർ തന്നോട് പറഞ്ഞിരുന്നുവെന്ന് സുഹൃത്തായ എടവണ്ണ സ്വദേശി നാസർ പറഞ്ഞു. എടവണ്ണ സ്വദേശിയായ ശ്രീകുമാർ 2021 ജൂൺ 10 നാണ് ആത്മഹത്യ ചെയ്തത്. അതേസമയം, മുൻ എസ്പി സുജിത് ദാസിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. പിവി എൻവർ എംഎൽഎയും സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയിരുന്നു.

പിടികൂടുന്ന പ്രതികളെ മർദിക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ നിർബന്ധിക്കാറുണ്ടായിരുന്നുവെന്ന് ശ്രീകുമാർ പറഞ്ഞിരുന്നു. അത് ചെയ്യാതെ വന്നപ്പോൾ സ്ഥലം മാറ്റിയും അവധി നൽകാതെയും ബുദ്ധിമുട്ടിച്ചുവെന്നും മുൻ എസ്പി സുജിത് ദാസാണ് ബുദ്ധിമുട്ടിച്ചതെന്നും ശ്രീകുമാർ പറഞ്ഞതായി നാസർ പറയുന്നു. ആത്മഹത്യ ചെയ്ത അന്ന് ശ്രീകുമാറിന്റെ പുസ്തകത്തിൽ നിന്ന് ചില പേപ്പർ പൊലീസ് കീറി കൊണ്ട് പോയി. ആത്മഹത്യ കുറിപ്പാണ് പൊലീസ് കീറികൊണ്ട് പോയതെന്ന് കരുതുന്നു. ജീവിതത്തിൽ താൻ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അതിന്റെ കാരണം ഡയറിയിൽ എഴുതി വെക്കുമെന്ന് ശ്രീകുമാർ പറഞ്ഞിരുന്നു. സേനയിൽ നിന്നും, എസ്പിയിൽ നിന്നും നേരിട്ട ബുദ്ധിമുട്ടാണ് ആത്മഹത്യക്ക് കാരണമെന്നും നാസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കഴിഞ്ഞ ദിവസം ആരോപണവുമായി വീട്ടമ്മ രംഗത്തെത്തിയിരുന്നു. മലപ്പുറം എസ്‍പിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് (ക്യാമ്പ് ഓഫീസ്) മരം മുറിച്ചുവെന്ന ആരോപണത്തിലാണ് ക്യാമ്പ് ഓഫീസിന് സമീപത്ത് താമസിക്കുന്ന അയല്‍വാസി വെളിപ്പെടുത്തൽ നടത്തിയത്. മരം മുറിച്ചു കഴിഞ്ഞശേഷമാണ് വീടിന് അപകട ഭീഷണിയുണ്ടെന്ന് കാണിച്ചുള്ള പരാതി പൊലീസ് എഴുതി വാങ്ങിയതെന്ന് അയല്‍വാസിയായ ഫരീദ മാധ്യമങ്ങളോട് പറഞ്ഞു. മരം മുറിയെ കുറിച്ചു ആരെങ്കിലും ചോദിച്ചാൽ സുജിത്ത് ദാസ് എസ്.പിക്കു മുമ്പ് അബ്ദുൾ കരീം എസ്.പിയുടെ കാലത്താണ് മരം മുറിച്ചതെന്ന് പറയണമെന്നും പൊലീസ് പറഞ്ഞതായി ഫരീദ പറഞ്ഞു. 

പിവി അന്‍വര്‍ എംഎല്‍എ ആരോപണം ഉന്നയിക്കുന്ന മലപ്പുറം മുൻ എസ്‍പി സുജിത്ത് ദാസിനെ വെട്ടിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ. സുജിത്ത് ദാസ് മലപ്പുറം എസ്‍പിയായിരുന്നപ്പോഴാണ് മരം മുറി നടന്നതെന്നാണ് ക്യാമ്പ് ഓഫീസിന് സമീപത്ത് താമസിക്കുന്ന ഫരീദയുടെ നിര്‍ണായക വെളിപ്പെടുത്തൽ. മരം മുറിച്ചു കടത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്നാണ് പിവി അന്‍വറിന്‍റെ ആവശ്യം. അതേസമയം, അപകടഭീഷണി ഉയര്‍ത്തിയ മരത്തിന്‍റെ ചില്ലകള്‍ മാത്രമാണ് മുറിച്ചു നീക്കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനെതിരെയാണിപ്പോള്‍ അയല്‍വാസിയുടെ വെളിപ്പെടുത്തൽ വരുന്നത്. 

വര്‍ഷങ്ങളായി മലപ്പുറം എസ്‍പിയുടെ ക്യാമ്പ് ഓഫീസിന് സമീപമാണ് താമസിക്കുന്നതെന്ന് ഫരീദ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം വീടിന് ഭീഷണിയുണ്ടായിരുന്നു. ആ സമയത്ത് അബ്ഗുള്‍ കരീമായിരുന്നു എസ്‍പി. അപ്പോള്‍ അപേക്ഷ നല്‍കിയിട്ടും മരം മുറിച്ചിരുന്നില്ല. അനുമതി കിട്ടാൻ ബുദ്ധിമുട്ടാണെന്നും റവന്യു, വനംവകുപ്പ് എന്നിവയുടെ അനുമതി വേണമെന്നുമാണ് അന്ന് പറഞ്ഞത്. പിന്നെ കുറെ കഴിഞ്ഞപ്പോള്‍ ഭീഷണിയായ മരത്തിന്‍റെ ചില്ല മാത്രം വെട്ടി തന്നു. അതിനുശേഷമാണ് സുജിത്ത് ദാസ് എസ്‍പിയായി വന്നത്. പിന്നീട് അപേക്ഷ നല്‍കിയിട്ടില്ല.

ഇതിനിടെയാണ് മരം മുറിക്കുന്നത്. മരം മുറിച്ച് അവിടെ ഇട്ടിരിക്കുകയായിരുന്നു. മരം മുറിച്ച ശേഷം പൊലീസ് സെക്യൂരിറ്റി ഗാര്‍ഡാണ് എഴുതി ഒപ്പിട്ടു തരാൻ ആവശ്യപ്പെട്ടത്. വീടിന് അപകട ഭീഷണിയുള്ളതിനാലാണ് മരം മുറിച്ചതെന്ന് അപേക്ഷ നല്‍കാനാണ് പറഞ്ഞത്. സെപ്റ്റംബര്‍ 2023നാണ് അപേക്ഷ നല്‍കിയെതന്നാണ് ഓര്‍മ. പിന്നീടാണ് അനധികൃതമായാണ് മരം മുറിച്ചതെന്ന ആരോപണം ഉയര്‍ന്നതായി അറിഞ്ഞത്. അതിനുശേഷം അബ്ദുള്‍ കരീം സാര്‍ എസ്‍പിയായിരുന്നപ്പോള്‍ മുറിച്ചതാണെന്ന് പറയണമെന്ന് പറയാൻ പറഞ്ഞിരുന്നു. എന്നാല്‍, കരീം സാര്‍ ഉണ്ടായിരുന്നപ്പോള്‍ അപകടഭീഷണിയായ ചില്ല മാത്രമാണ് മുറിച്ചതെന്നും മരം മുറിച്ചിരുന്നില്ലെന്നും ഫരീദ മാധ്യമങ്ങളോട് പറഞ്ഞു.

ബസിനുള്ളിൽ വെച്ച് വധശ്രമം; കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറെ ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ചു, പ്രതി പിടിയിൽ

https://www.youtube.com/watch?v=Ko18SgceYX8

 

Latest Videos
Follow Us:
Download App:
  • android
  • ios