രാജീവ് ഗാന്ധിക്ക് പ്രിയപ്പെട്ട എംപിയുമായിരുന്നു തലേക്കുന്നില്‍ ബഷീര്‍ എന്ന് എ കെ ആന്റണി...
തിരുവനന്തപുരം: വിട്ടുവീഴ്ചയില്ലാത്ത മതേതരവാദിയായിരുന്നു തലേക്കുന്നില്‍ ബഷീറെന്ന് (Thalekkunnil Basheer) അനുസ്മരിച്ച് എ കെ ആന്റണി (A K Antony). തലേക്കുന്നില്‍ ബഷീറിന്റെ നിര്യാണത്തോടു കൂടെ ഒരു മാതൃകാ പൊതുപ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്. കോണ്‍ഗ്രസിന് എല്ലാ പ്രതിസന്ധികളിലും പാര്‍ട്ടിക്കു വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറുള്ള, പോരാട്ടം നടത്താന്‍ കഴിവുള്ള അര്‍പ്പണം ബോധമുള്ള നേതാവിനെ നഷ്ട്‌പ്പെട്ടു. കേരളത്തിന് മാതൃകയാക്കാവുന്ന കോണ്‍ഗ്രസുകാര്‍ക്ക് മാതൃകയാക്കാവുന്ന കറയറ്റ തികഞ്ഞ മതേരതര വിശ്വാസിയായിരുന്നു ബഷീര്‍ എന്നും എ കെ ആന്റണി.
കെ എസ് യു വിലൂടെയാണ് ബഷീര്‍ പൊതുരംഗത്തേക്ക് കടന്നു വന്നത്. തിരുവനന്തപുരത്തെ ആദ്യാകാല കെ എസ് യു നേതാക്കളിലൊരാളായിരുന്നു. അവിടെ നിന്നും വളര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന്റെ ചെയര്‍മാന്‍ വരെയെത്തി. വിദ്യാര്‍ത്ഥികളുടെ അവകാശ സമരങ്ങള്‍ക്ക് വേണ്ടി മുന്നില്‍ നിന്നുകൊണ്ട് നിര്‍ഭയമായി നേതൃത്വം നല്‍കി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിലേക്ക് കടന്നു വന്നു.
യൂത്ത് കോണ്‍ഗ്രസിലും അദ്ദേഹം തന്റെ കര്‍മ്മ ശേഷിയും പോരാട്ട വീര്യവും തെളിയിക്കുകയുണ്ടായി. നിരവധി വര്‍ഷക്കാലം തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ബഷീറിന്റെ കാലഘട്ടം തിരുവനന്തപുരം ജില്ലയിലെ കോണ്‍ഗ്രസിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു. 1977 ലാണ് അദ്ദേഹം ആദ്യമായി കഴക്കൂട്ടത്തു നിന്ന് കേരള നിയമസഭയിലേക്ക് എത്തുന്നത്.
''1970ല്‍ ആദ്യമായി അസംബ്ലിയിലേക്ക് ഞാന്‍ മത്സരിച്ചെങ്കിലും 1977ലെ ഇലക്ഷനില്‍ കെപിസിസി പ്രസിഡന്റായ സാഹചര്യത്തില്‍ മത്സരിക്കണ്ടെന്ന നിലപാട് എടുത്ത് ഞാന്‍ മാറി നിന്നു. നിര്‍ഭാഗ്യവശാല്‍ രാജന്‍ കേസിനെ തുടര്‍ന്ന് ശ്രീ. കെ കരുണാകരന്
മുഖ്യമന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് കേരളത്തിലെ നിയമസഭാ അംഗങ്ങള്‍ ഏകകണ്ഠമായി, മുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്നെയാണ് തെരഞ്ഞെടുത്തത്. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോള്‍ ആറു മാസത്തിനുള്ളില്‍ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടണം. ഒരു ആലോചനയുമില്ലാതെ എനിക്ക് നിയമസഭാംഗമാകാന്‍ വേണ്ടി തലേക്കുന്നില്‍ ബഷീര്‍ തന്റെ രാജി സന്നദ്ധത അറിയിച്ചു. പിന്നീട് അദ്ദേഹം രാജിവെച്ചു'' - ആന്റണി ഓർത്തു.
പിന്നീട് വന്ന രാജ്യസഭാ ഒഴിവില്‍ തലേക്കുന്നില്‍ ബഷീര്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ അദ്ദേഹം രാജ്യസഭാംഗമായി. പിന്നീട് അദ്ദേഹം മാര്‍ക്‌സിസ്റ്റുകാരുടെ കോട്ടയില്‍ മത്സരിച്ച് എംപിയായി. പാര്‍ലമെന്റില്‍ അദ്ദേഹം എല്ലാ രംഗത്തും നല്ല തിളങ്ങുന്ന എംപിയായി. രാജീവ് ഗാന്ധിക്ക് ഏറ്റവും പ്രിയപ്പെട്ട എംപിയായിരുന്നു തലേക്കുന്നില്‍ ബഷീര്‍. കോണ്‍ഗ്രസിന്റെയും കേരളത്തിന്റെയും പോരാട്ട മുഖമായിരുന്നു അദ്ദേഹത്തിന്റെ ലോകസ്ഭയിലെ കാലഘട്ടം.
രാഷ്ട്രീയ - സാംസ്‌ക്കാരിക - സാഹിത്യ രംഗത്തും അദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്‍കി. നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ബഷീറിന്റെ സേവനങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമല്ല, കെ എസ് യു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് മാത്രമല്ല, കേരളത്തിന്റെ മതേതര സമൂഹത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത വ്യക്തിത്വമാണെന്ന് ആന്റണി ഓർമ്മിച്ചു.
തന്റെ ഏറ്റവും അടുത്ത സ്‌നേഹിതനും അടുത്ത സഹപ്രവര്‍ത്തകനുമാണ് ബഷീ. തന്റെ കുടുംബത്തിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അദ്ദേഹം. അദ്ദേഹത്തിന്റെ വേര്‍പാടില്‍ തനിക്ക് അതിയായ ദുഖമുണ്ട്. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭാര്യ സുഹറയുടെ മരണത്തിന് ശേഷം അദ്ദേഹം ഏതാണ്ട് തളര്‍ന്നു പോയി. പ്രേംനസീറിന്റെ സഹോദരിയായ സുഹ്‌റ, അദ്ദേഹത്തിന്റെ സഹധര്‍മ്മിണി മാത്രമല്ല, ഏറ്റവും നല്ല കൂട്ടുകാരിയും ഏറ്റവും നല്ല ഊര്‍ജ്ജവുമായിരുന്നു. അതിന് ശേഷം പഴേ ബഷീറായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അതിനിടയ്ക്ക് അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്തു. അതുകൊണ്ട് അദ്ദേഹം കുറെ നാളായി സജീവമായ രാഷ്ട്രീയ രംഗത്തു നിന്ന് മാറിയിരിക്കുകയായിരുന്നുവെന്നും ആന്റണി കുറിച്ചു.
അദ്ദേഹത്തിനെ ഏറ്റവും അവസാനമായി കണ്ടത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ്.. അന്ന് പൂര്‍ണ്ണമായും അവശനായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് കേരള സമൂഹത്തിനുണ്ടായ ഏറ്റവും വലിയ നഷ്ടമാണ്. ഒരു ഘട്ടത്തിലും വിട്ടുവീഴ്ച ചെയ്യാത്ത മതേതര വാദിയെ കൂടിയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്. ഏറ്റവും വിശ്വസിക്കാവുന്ന പടനായകനെയാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ആന്റണി വ്യക്തമാക്കി.
