തിരുവനന്തപുരം: കൊച്ചിയില്‍ മാര്‍ച്ചിനിടെ സിപിഐ എംഎല്‍എക്കും നേതാക്കള്‍ക്കും പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി   എ കെ ബാലന്‍. സമരമാകുമ്പോള്‍ തല്ലുകിട്ടും. എസ്എഫ്ഐക്കാര്‍ക്കും ഈ ഭരണകാലത്ത് പൊലീസില്‍ നിന്ന് തല്ലുകിട്ടിയിട്ടുണ്ട് എന്നാണ് മന്ത്രി പ്രതികരിച്ചത്.

സിപിഐ സമരത്തെ സര്‍ക്കാര്‍ എതിര്‍ത്തിട്ടില്ലെന്ന് എ കെ ബാലന്‍ പറഞ്ഞു. സമരത്തിന് പോയാല്‍ പൊലീസ് നടപടിയുണ്ടാകും. മന്ത്രിസഭാ യോഗത്തില്‍ പറയാത്ത കാര്യങ്ങള്‍ വരെ വാര്‍ത്തയായി വന്നെന്നും മന്ത്രി കുറ്റപ്പെടുത്തി. 

ഞാറയ്ക്കല്‍ സിഐയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ കഴിഞ്ഞദിവസം നടത്തിയ ഐജി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് എല്‍ദോ എബ്രഹാം ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പരുക്കേറ്റത്.മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായതെന്നാണ് സിപിഐ നേതാക്കള്‍ പറയുന്നത്. മാര്‍ച്ചിന്‍റെ ഉദ്ഘാടകനായിരുന്ന എല്‍ദോ എബ്രഹാമിനെ പൊലീസ് വളഞ്ഞിട്ട് അടിച്ചെന്നും സിപിഐ ആരോപിച്ചു. മുതുകത്ത് ലാത്തിയടിയേറ്റ നിലയില്‍ ആദ്യം ജനറല്‍ ആശുപത്രിയിലെത്തിച്ച എംഎല്‍എയെ കൈയ്ക്ക് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിശദപരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഇതോടെയാണ് കൈയ്ക്ക് പൊട്ടലുണ്ടെന്ന് മനസ്സിലായത്. 

പാര്‍ട്ടി എംഎല്‍എയെയും നേതാക്കളെയും തല്ലിയ പോലീസിനെതിരെ നിലപാട് സ്വീകരിച്ച് സിപിഐ മന്ത്രിമാരും രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും കൂടുതല്‍ പ്രതിരോധത്തിലായിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം, വിഷയത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ച സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനെതിരെ സിപിഐയില്‍ പ്രതിഷേധം ശക്തമാണ്. .