തിരുവനന്തപുരം: സ്പ്രിംക്ലര്‍ കമ്പനിയുമായുള്ള കരാർ റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ വേണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ച സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് പരാതി  പിൻവലിച്ച് ജനങ്ങളോട് മാപ്പു പറയണമെന്ന് നിയമമന്ത്രി എ കെ ബാലന്‍. കോടതി ഉത്തരവ് സര്‍ക്കാരിന് അനുകൂലമാണ്. പ്രതിപക്ഷ നേതാവ് ഇതിനെ സ്വാഗതം ചെയ്തത്, കളരിയിൽ തോറ്റ ചില അഭ്യാസികൾ ഇത് പൂഴിക്കടകൻ അടിയാണെന്നു പറയുന്നതിന് തുല്യമാണ്.

സ്പ്രിംക്ലറുമായുള്ള കരാർ റദ്ദു ചെയ്യുകയോ സ്റ്റേ ചെയ്യുകയോ വേണം എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആവശ്യം. അത് നിരാകരിക്കപ്പെട്ടു. അതിനെയാണോ സ്വാഗതം ചെയ്യുന്നതെന്ന് ബാലന്‍ ചോദിച്ചു. ആദ്യഘട്ടത്തിൽ ഇത്  പരിഗണനക്ക് വന്നപ്പോൾ കോടതി മൂന്ന് കാര്യങ്ങളിലാണ് വിശദീകരണം ചോദിച്ചത്. ഒന്ന്, ഇതിന്റെ സുരക്ഷ. രണ്ട്, കേസുകൾ നടത്തുന്നതിനുള്ള ജൂറിസ്ഡിക്ഷൻ. മൂന്ന്, എന്തുകൊണ്ട് നിയമവകുപ്പ് കണ്ടില്ല എന്നത്.  

ഈ മൂന്നു കാര്യങ്ങളിലും എല്ലാ വസ്തുതകളും ഉൾക്കൊള്ളിച്ച്  സമഗ്രമായ മറുപടിയാണ് സർക്കാർ കോടതിയിൽ നൽകിയത്. അതിൽ കോടതിയുടെ ഭാഗത്തു നിന്ന് ഒരു വിമർശനവും വന്നിട്ടില്ല.  ഡാറ്റ സ്റ്റോറേജ്, ഡാറ്റ  പ്രോസസ്സിംഗ് എന്നിവയുമായി ബന്ധപ്പെട്ട്  വ്യക്തമായ കരാർ ആദ്യം തന്നെ നിലവിലുണ്ട്. മാസ്റ്റർ സർവീസ് എഗ്രിമെന്റും(എംഎസ്എ) നോൺ ഡിസ്ക്ലോഷർ അഗ്രിമെന്റും. അതിൽ വളരെ വിശദമായി ഡാറ്റ  പ്രൊട്ടക്ഷൻ സംബന്ധിച്ച് പറയുന്നുണ്ട്.

ഡാറ്റ  പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ട്  എംപാനൽ ചെയ്ത   12 ക്ലൗഡ് പ്രൊവൈഡേഴ്സിനെ  കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിൽ ആമസോൺ ക്ലൗഡ്  പ്രൊവൈഡേഴ്സിനെയാണ് സംസ്ഥാന സർക്കാർ  തീരുമാനിച്ചത്. പ്രൊവൈഡേഴ്സും കേന്ദ്ര സർക്കാരും തമ്മിൽ  ഡാറ്റാ പ്രൊട്ടക്ഷൻ സംബന്ധിച്ച കരാറുണ്ട്. അതുകൊണ്ടു തന്നെ ഒരു രൂപത്തിലും പ്രൊവൈഡേഴ്സിന്  സംസ്ഥാന സർക്കാരുമായുള്ള കരാർ ലംഘിക്കാൻ പറ്റില്ല. ഇതിൽ ഒരു ആശങ്കയുടെയും ആവശ്യമില്ല. ഇത് കോടതിയെ ധരിപ്പിച്ചതാണെന്നും എ കെ ബാലന്‍ പറഞ്ഞു.