എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗത്തിനെതിരായ പീഡന പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ പിതാവിനെ വിളിച്ചതിന്‍റെ ശബ്ദരേഖ പുറത്തു വന്നതോടെയാണ് മന്ത്രി കുടുങ്ങിയത്. 

തിരുവനന്തപുരം: സ്ത്രീപീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന വിവാദത്തില്‍ മുഖ്യമന്ത്രിക്ക് വിശദീകരണം മന്ത്രി എ കെ ശശീന്ദ്രന്‍ നല്‍കി. പീഡന പരാതി പിന്‍വലിക്കാന്‍ അല്ല ആവശ്യപ്പെട്ടത്. പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ട വിഷയം എന്ന നിലയ്ക്കാണ് ഫോണ്‍ വിളിച്ചതെന്നും ആണ് മന്ത്രിയുടെ വിശദീകരണം. എൻസിപിക്ക് അകത്തും മന്ത്രി ഇതേ വിശദീകരണമാണ് നല്‍കിയത്. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗത്തിനെതിരായ പീഡന പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ പിതാവിനെ വിളിച്ചതിന്‍റെ ശബ്ദരേഖ പുറത്തു വന്നതോടെയാണ് മന്ത്രി കുടുങ്ങിയത്. 

കൊല്ലം കുണ്ടറ പൊലീസ് സ്റ്റേഷനില്‍ എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പത്മാകരനെതിരെ സമര്‍പ്പിക്കപ്പെട്ട പരാതി നല്ല രീതിയില്‍ ഒത്തു തീര്‍ക്കണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. പരാതി നല്‍കിയ യുവതിയുടെ പിതാവായ എന്‍സിപിയുടെ പ്രാദേശിക നേതാവിനോട് ആയിരുന്നു മന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. ഫോണ്‍ സംഭാഷണം പുറത്തു വന്നതോടെ കേസിനെ പറ്റി അറിയാതെയാണ് വിളിച്ചതെന്നായി മന്ത്രിയുടെ വാദം.