തിരുവനന്തപുരം: വാഹന നിയമലംഘനത്തിലുള്ള പിഴത്തുക എത്ര വേണമെന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. വൈകിയാണെങ്കിലും സംസ്ഥാനങ്ങൾക്ക് പിഴത്തുക തീരുമാനിക്കാനുള്ള അധികാരം വിട്ടുനൽകിയതില്‍ സന്തോഷമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. 

കേന്ദ്ര സർക്കാരിന്‍റെ തീരുമാനം ഉത്തരവായി ലഭിച്ചാൽ മാത്രമേ തുടർ നടപടികൾ തീരുമാനിക്കാന്‍ കഴിയുകയുള്ളു. പഴയ പിഴത്തുക പുനസ്ഥാപിക്കാതെ നിരക്ക് പുതുക്കി നിശ്ചയിക്കും. ഇപ്പോഴത്തെ വർധനവ് ലഘൂകരിക്കുക മാത്രമാണ് ചെയ്യുകയെന്നും മന്ത്രി പറഞ്ഞു. ബിജെപി ഭരിക്കുന്ന ഗുജറാത്തുൾപ്പടെയുള്ള സംസ്ഥാനങ്ങൾ പിഴത്തുക കുറച്ച സാഹചര്യത്തിലാണ് കേന്ദ്രം നിലപാടിൽ അയവ് വരുത്തിയത്.

''വലിയ പിഴത്തുകയെന്നത് പ്രായോഗികമല്ല'', എന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഇന്നലെ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 16 മുതൽ ഗുജറാത്തിൽ പുതിയ പിഴസംവിധാനം നിലവിൽ വരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്താൻ സംസ്ഥാനസർക്കാർ ആലോചിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി തന്നെ നിലപാട് വ്യക്തമാക്കിയത്.