Asianet News MalayalamAsianet News Malayalam

മരംമുറി ഉത്തരവ് ദുരുപയോഗം ചെയ്‍തത് ഉദ്യോഗസ്ഥര്‍, മുൻ റവന്യൂ മന്ത്രിയെ പിന്തുണച്ച് വനംമന്ത്രി

'റവന്യൂ വകുപ്പ് ഉത്തരവിറക്കിയത് നല്ല ഉദ്ദേശത്തോടെയായിരുന്നു. കർഷകരെ സഹായിക്കാനാണ് അന്ന് നിലപാടെടുത്തത്. പക്ഷേ ഉത്തരവ് ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തു'. 

A K Saseendran support former revenue minister on controversial order to cutting tree
Author
Trivandrum, First Published Jul 5, 2021, 10:35 AM IST

തിരുവനന്തപുരം: വിവാദ മരംമുറിക്ക് അനുമതി നൽകി ഉത്തരവിറക്കാൻ നിർദ്ദേശിച്ച മുൻ റവന്യുമന്ത്രി ഇ ചന്ദ്രശേഖരനെ ന്യായീകരിച്ച് എ കെ ശശീന്ദ്രന്‍.  റവന്യൂ വകുപ്പ് ഉത്തരവിറക്കിയത് നല്ല ഉദ്ദേശത്തോടെയായിരുന്നു. കർഷകരെ സഹായിക്കാനാണ് അന്ന് നിലപാടെടുത്തത്. പക്ഷേ ഉത്തരവ് ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ഒരു ആശയക്കുഴപ്പവും ഇല്ല. പ്രാഥമികമായ ചില നടപടികൾ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു. 

2020 ഒക്ടോബറില്‍ റവന്യുപ്രിൻസിപ്പിൽ സെക്രട്ടറി മരംമുറിക്കാൻ അനുവാദം നൽകുന്ന ഉത്തരവാണ് കോളിളക്കം ഉണ്ടാക്കിയത്. ഉത്തരവിറക്കും മുമ്പെ നിരവധി തവണ വനം-റവന്യുവകുപ്പ് മന്ത്രിമാർ പങ്കെടുത്ത യോഗങ്ങൾ പലതവണ ചേർന്നു. 64 ലെ ഭൂമി പതിവ് ചട്ടം മറികടന്ന് ഉത്തരവിറക്കുന്നതിലെ നിയമപ്രശ്നം വനംവകുപ്പിലെയും റവന്യുവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ പലതവണ ഉന്നയിച്ചതായി ഫയലിലുണ്ട്. പക്ഷെ ചന്ദ്രശേഖരൻ മരംമുറിക്ക് അനുവാദം നൽകാൻ റവന്യുപ്രിൻസിപ്പൽ സെക്രട്ടറിക്ക് കുറിപ്പ് നൽകി. മാത്രമല്ല മരംമുറി തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിര നടപടി വേണമെന്ന അത്യന്തം വിവാദമായ ഭാഗം ഉത്തരവിൽ ചേർക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 

മന്ത്രിയുടെ കുറിപ്പിന് മുമ്പും ശേഷവും റവന്യുവകുപ്പ് ഉദ്യോഗസ്ഥർ നിയമപ്രശ്നം ഉന്നയിച്ചു. അഡീഷനൽ അഡ്വക്കേറ്റ് ജനറലിന്‍റെ ഉപദേശവും നിയമവകുപ്പിന്‍റെ ഉപദേശവും വാങ്ങണമെന്നും നിർദ്ദേശിക്കുന്നുണ്ടെങ്കിലും അതുണ്ടായില്ല. ഫയലിൽ ഒരുഘട്ടത്തിൽ ചന്ദ്രശേഖരനും നിയമോപദേശം വാങ്ങുന്നത് സൂചിപ്പിക്കുന്നുണ്ടെങ്കിലും അതൊന്നുമില്ലാതെ തിരക്കിട്ട് ഉത്തരവിറക്കുകയായിരുന്നു. തേക്കും ഈട്ടിയും അടക്കമുള്ള മരങ്ങൾ മുറിക്കാൻ അനുമതി വേണ്ടെന്നും തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ചന്ദ്രശേഖരൻ എഴുതിയ ഫയൽ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. മുട്ടിലടക്കമുള്ള മരംമുറിക്ക് കാരണമായ വിവാദ ഉത്തരവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളുമാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. 


 

Follow Us:
Download App:
  • android
  • ios