തിരുവല്ല സ്വദേശിയായ വിഷ്ണു ആചാരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിക്കാനായി മഹിഷി നിഗ്രഹനായ അയ്യപ്പന്റെ അപൂർവ്വ ശിൽപം തടിയിൽ നിർമ്മിച്ചു.

പത്തനംതിട്ട: തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിക്കാൻ ഒരുങ്ങുന്നത് തിരുവല്ലയിലെ കോച്ചാരിമുക്കം സ്വദേശി തടിയിൽ തീർത്ത അപൂർവ്വ ശിൽപം. മഹിഷി നിഗ്രഹനായ അയ്യപ്പന്റെ വിഗ്രഹമാണ് കൊച്ചാരി മുക്കം സ്വദേശിയായ പി എം വിഷ്ണു ആചാരി നിർമ്മിച്ചത്. മൂന്നര ദിവസങ്ങൾ കൊണ്ടാണ് വിഷ്ണു ശിൽപം നിർമ്മിച്ചത്.

അഞ്ച് ദിവസം മുമ്പാണ് ബിജെപി സംസ്ഥാന ഘടകത്തിൽ നിന്നും ശില്പം നിർമ്മിക്കാൻ സാധിക്കുമോ എന്ന ചോദ്യം വന്നത്. സധൈര്യം വിഷ്ണു അത് ഏറ്റെടുത്തു. മൂന്നര ദിവസം ഉറക്കമിളിച്ച് അതിമനോഹരമായ ശില്പം വിഷ്ണു തീർത്തു. പൂർണ്ണമായും തടിയിൽ തീർത്ത മഹിഷി നിഗ്രഹനായ അയ്യപ്പൻ. ചിത്രങ്ങൾ പോലും ലഭ്യമല്ലാത്ത മഹിഷി നിഗ്രഹം ഭാവനയിൽ നിന്നാണ് ശില്പിയായ വിഷ്ണു പിഎം ആചാരി കൊത്തിയെടുത്തത്. അച്ഛൻ മോഹനൻ ആചാരിയുടേതായിരുന്നു ആശയം.

തേക്ക് തടിയിൽ നിർമ്മിച്ച വിഗ്രഹത്തിന് 2.5 അടി ഉയരവും 15 കിലോ തൂക്കവും ഉണ്ട്. ക്ഷേത്ര ശില്പികളാണ് വിഷ്ണുവും അച്ഛൻ മോഹനനനും. തങ്ങളുടെ സൃഷ്ടിയിൽ പിറന്ന ശിൽപം പ്രധാനമന്ത്രിയുടെ കൈകളിൽ എത്തുന്നതിന്റെ സന്തോഷത്തിലാണ് വിഷ്ണുവും കുടുംബവും.