സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് തകര്‍ന്നടിഞ്ഞ 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയിച്ചത് ആലപ്പുഴയില്‍ എ എം ആരിഫായിരുന്നു

തിരുവനന്തപുരം: എല്‍ഡിഎഫും സിപിഎമ്മും തകര്‍ന്നടിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പായിരുന്നു 2019ലേത്. 20 ലോക്‌സഭ മണ്ഡലങ്ങളില്‍ 19 ഇടത്തും ഇടതുപക്ഷ മുന്നണി തോറ്റു. 2014നേക്കാല്‍ ഏഴ് സീറ്റുകളുടെ കുറവ് എല്‍ഡിഎഫിനുണ്ടായി. 36.29 ശതമാനം വോട്ടുകള്‍ ലഭിച്ച ഇടതുമുന്നണിക്ക് വോട്ടിംഗ് ശതമാനത്തില്‍ 2.92ന്‍റെ ഇടിവ് രേഖപ്പെടുത്തി. എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത്, ഇന്നസെന്‍റ്, പി കെ ശ്രീമതി, ജോയ്‌സ് ജോര്‍ജ് (സ്വതന്ത്രന്‍) എന്നീ സിറ്റിംഗ് എംപിമാര്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങി. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കനല്‍ ഒരു തരി എന്ന വിശേഷണത്തോടെ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് എ എം ആരിഫ് മാത്രമാണ് എല്‍ഡിഎഫ് സ്ഥാര്‍ഥിയായി വിജയിച്ച് ലോക്സഭയിലെത്തിയത്. 

സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് തകര്‍ന്നടിഞ്ഞ 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയിച്ചത് ആലപ്പുഴയില്‍ എ എം ആരിഫായിരുന്നു. 80.35 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്ത ആലപ്പുഴ മണ്ഡലത്തില്‍ 10,474 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് ആരിഫ് എല്‍ഡിഎഫിന്‍റെ കനല്‍ ഒരു തരിയായി മാറിയത്. കോണ്‍ഗ്രസിന്‍റെ ഷാനിമോള്‍ ഉസ്മാനും ബിജെപിയുടെ കെ എസ് രാധാകൃഷ്‌ണനുമായിരുന്നു ആരിഫിന്‍റെ എതിര്‍ സ്ഥാനാര്‍ഥികള്‍. ജയിച്ച ഏക ലോക്സഭാ മണ്ഡലത്തില്‍ പോലും വ്യക്തമായ ആധിപത്യം എല്‍ഡിഎഫിന് ഉറപ്പിക്കാനായില്ല. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ചേര്‍ത്തലയിലും കായംകുളത്തും ലീഡെടുത്താണ് എല്‍ഡിഎഫ് തടി രക്ഷിച്ചത്. ആരൂര്‍, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കരുനാഗപ്പള്ളി എന്നീ നിയമസഭ മണ്ഡലങ്ങള്‍ യുഡിഎഫിന്‍റെ കയ്യിലായി. 

2024 തെരഞ്ഞെടുപ്പിന്‍റെ തിയതി പ്രഖ്യാപിനിരിക്കേ ആലപ്പുഴയിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എല്‍ഡിഎഫിനായി എ എം ആരിഫ് തന്നെ ഇക്കുറി കളത്തിലിറങ്ങിയാല്‍ എന്താകും ഫലം എന്ന ആകാംക്ഷ മുറുകുന്നു. എല്‍ഡിഎഫിനെ 19 സീറ്റുകള്‍ കൈവിട്ട തെരഞ്ഞെടുപ്പിലും തലയുയര്‍ത്തിപ്പിടിച്ച ആരിഫിന് വീണ്ടുമൊരു ഊഴം പ്രതീക്ഷിക്കുന്നവരേറെ. 

Read more: ഭൂരിപക്ഷത്തില്‍ ലക്ഷാധിപതികളായി 9 പേര്‍, തരൂരിന് ജസ്റ്റ് മിസ്! 2019ല്‍ നിന്ന് എന്ത് മാറ്റം വരും കേരളത്തില്‍?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം