വിദ്യാര്‍ത്ഥിക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി പ്രതിഷേധം നടക്കുകയാണ്. 

ചണ്ഡീഗഡ്: പഞ്ചാബിലെ സ്വകാര്യ സർവ്വകലാശാലയില്‍ മലയാളി വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി അഖിന്‍ എസ് ദിലീപാണ് മരിച്ചത്. സംഭവം മറച്ചുവയ്ക്കാന്‍ സർവ്വകലാശാല അധികൃതർ ശ്രമിച്ചെന്നാരോപിച്ച് നൂറുകണക്കിന് വിദ്യാർത്ഥികൾ ക്യാംപസില്‍ പ്രതിഷേധിക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

ചേർത്തല സ്വദേശി അഖിന്‍ എസ് ദിലീപിനെയാണ് ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടത്തിയത്. നിരവധി മലയാളി വിദ്യാർത്ഥികൾ പഠിക്കുന്ന ജലന്ധറിലെ ലവ്ലി പ്രൊഫഷണല്‍ സർവ്വകലാശാലയിലാണ് വിദ്യാ‍ർത്ഥികളുടെ പ്രതിഷേധം. ഇന്നലെ വൈകിട്ടാണ് ബാച്ച്ലർ ഓഫ് ഡിസൈന്‍ ഒന്നാം വർഷ വിദ്യാർത്ഥിയായ അഖിന്‍ എസ് ദിലീപിനെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയിൽ നിലയില്‍ കണ്ടെത്തിയത്. ചേർത്തല പള്ളിപ്പുറം സ്വദേശിയായ ദിലീപ് കുമാറിന്‍റെ മകനാണ് 21 വയസുള്ള അഖിന്‍. 

പിന്നാലെ നൂറുകണക്കിന് വിദ്യാർത്ഥികൾ ക്യാംപസിനകത്ത് പ്രതിഷേധം തുടങ്ങി. പത്ത് ദിവസത്തിനിടെ രണ്ടാമത്തെ മരണമാണെന്നും സംഭവം മറച്ചുവയ്ക്കാന്‍ അധികൃതർ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. വാതിലുകൾ പൂട്ടിയിട്ട് വിദ്യാർത്ഥികളെ തടയാന്‍ ശ്രമിച്ച ക്യാംപസിലെ സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും തമ്മില്‍ സംഘർഷവുമുണ്ടായി. 

രാത്രിയോടെ സർവകലാശാലയിലെത്തിയ പൊലീസ് ലാത്തിചാർജ് നടത്തിയെന്നും വിദ്യാർത്ഥികൾ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഹോസ്റ്റല്‍ മുറിയില്‍നിന്നും കണ്ടെത്തിയ കുറിപ്പില്‍ വ്യക്തിപരമായ പ്രശ്നങ്ങളാണെന്ന് എഴുതിയിട്ടുണ്ടെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു. 

വിവരമറിഞ്ഞ് അഖിന്‍റെ മാതാപിതാക്കൾ ജലന്ധറിലേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. ആം ആദ്മി പാർട്ടി നേതാവിന്‍റെ ഉടമസ്ഥതയിലുള്ള സർവ്വകലാശാലയായതിനാല്‍ പരാതിയില്‍ നീതി ലഭിക്കുമോയെന്ന് സംശയമുണ്ടെന്ന് കോൺഗ്രസ് എംഎല്‍എ സുഖ്പാല്‍ സിംഗ് ഖരാരിയ ആരോപിച്ചു. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്ന് സർവ്വകലാശാല അധികൃതരും അറിയിച്ചു.