കള്ളവോട്ടിന് സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രിയാണെന്ന് എ എൻ രാധാകൃഷ്ണൻ വിമര്‍ശിച്ചു. തൃക്കാക്കരയിൽ ലോക്കൽ കമ്മിറ്റി തലത്തിൽ രഹസ്യയോഗം ചേർന്നത് ഇതിന് വേണ്ടിയാണെന്നാണ് എ എന്‍ രാധാകൃഷ്ണന്‍റെ ആരോപണം.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ (Pinarayi Vijayan) വിമര്‍ശിച്ച് ബിജെപി സ്ഥാനാർത്ഥി എ എന്‍ രാധാകൃഷ്ണൻ (A N Radhakrishnan). കള്ളവോട്ടിന് സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രിയാണെന്ന് എ എൻ രാധാകൃഷ്ണൻ വിമര്‍ശിച്ചു. തൃക്കാക്കരയിൽ ലോക്കൽ കമ്മിറ്റി തലത്തിൽ രഹസ്യയോഗം ചേർന്നത് ഇതിന് വേണ്ടിയാണെന്നാണ് എ എന്‍ രാധാകൃഷ്ണന്‍റെ ആരോപണം. ഉമാ തോമസിനെ തോൽപ്പിക്കാന്‍ യുഡിഎഫിൽ തന്നെ ശ്രമം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. കെ സുധാകരനും ബെന്നി ബെഹനാനും ഡൊമനിക്ക് പ്രസന്‍റേഷനും സഹകരിച്ചില്ലെന്നും എ എൻ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

തൃക്കാക്കരയിലെ പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്‍റ് സ്കൂള്‍ ബൂത്തില്‍ കള്ളവോട്ടിന് ശ്രമിച്ചയാളാണ് പൊലീസിന്‍റെ പിടിയിലായത്. പിറവ൦ പാമ്പാക്കുട സ്വദേശി ആല്‍ബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥലത്തില്ലാത്ത സഞ്ജു ടി എസ് എന്ന വ്യക്തിയുടെ പേരിലാണ് ആല്‍ബിന്‍ വോട്ട് ചെയ്യാൻ ശ്രമിച്ചത്. ആല്‍ബിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ മൊഴി എടുക്കുകയാണ്. കള്ളവോട്ട് ശ്രമത്തിനിടെ പിടിയിലായത് ഡിവൈഎഫ്ഐ പ്രാദേശിക നേതാവാണെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ജനാധിപത്യ രീതിയിൽ ജയിക്കാൻ എല്‍ഡിഎഫിന് കഴിയില്ലെന്നും അതാണ് കള്ളവോട്ട് ചെയ്യുന്നതെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് പ്രതികരിച്ചു.

Also Read: കള്ളവോട്ടിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥര്‍ പെൻഷൻ വാങ്ങില്ല, വരുന്നവര്‍ ജയിലിൽ പോകും

എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം

തൃക്കാക്കരയിൽ പോളിംഗ് ബൂത്തിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം. ലൊയോള എൽപി സ്കൂളിലെ ബൂത്തിലെത്തിയ എ എൻ രാധാകൃഷ്ണൻ ഇതിന് സമീപത്ത് വച്ച് മാധ്യമങ്ങളെ കണ്ടതോടെയാണ് പൊലീസ് ഇടപെട്ടത്. പുറത്ത് വച്ചേ മാധ്യമങ്ങളെ കാണാൻ പാടുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ തർക്കമായി. തർക്കം മൂത്തപ്പോൾ 'വേണമെങ്കിൽ നിങ്ങൾ കേസെടുത്തോ', എന്നായി സ്ഥാനാർത്ഥി. 

ലൊയോള എൽപി സ്കൂളിലെ ബൂത്തിലാണ് എ എൻ രാധാകൃഷ്ണൻ ആദ്യം എത്തിയത്. രാവിലെ എടപ്പള്ളി ഗണപതി ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ എത്തിയ ശേഷമാണ് എ എൻ രാധാകൃഷ്ണൻ സ്കൂളിലെത്തിയത്. എ എൻ രാധാകൃഷ്ണന് തൃക്കാക്കരയിൽ വോട്ടില്ല. എറണാകുളം മണ്ഡലത്തിലെ വോട്ടറാണ് അദ്ദേഹം. ബൂത്തിന് ഇരുന്നൂറ് മീറ്ററെങ്കിലും അകലത്തേ മാധ്യമങ്ങളെയും ക്യാമറകളെയും അനുവദിക്കാനാകൂ എന്നാണ് പൊലീസ് വ്യക്തമാക്കിയത്. രാഷ്ട്രീയകാര്യങ്ങളെല്ലാം വിശദീകരിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ബൂത്തിന് തൊട്ടടുത്ത് അനുവദിക്കാനാകില്ല എന്ന നിലപാടിലാണ് പൊലീസ്. 

നഗരമണ്ഡലമായ തൃക്കാക്കരയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്വന്‍റി 20 പത്ത് ശതമാനത്തോളം വോട്ട് പിടിച്ചുവെന്നത് ശ്രദ്ധേയമാണ്. ബിജെപിക്കും സമാനമായ വോട്ട് ശതമാനം തന്നെയേ നേടാനായുള്ളൂ. അതിനാൽ ട്വന്‍റി 20-ക്ക് പോയ വോട്ടുകൾ എങ്ങനെയെങ്കിലും സ്വന്തം പാളയത്തിലെത്തിക്കാനാകുമോ എന്നാണ് ബിജെപി ശ്രമിക്കുന്നത്. ഇതൊക്കെ പറയുമ്പോഴും ഇരട്ടനീതി ഉയര്‍ത്തി അന്തിമ ഘട്ടത്തില്‍ പി. സി. ജോര്‍ജിനെ ഇറക്കി ബിജെപി നടത്തിയ പ്രചാരണം വോട്ടുകള്‍ എങ്ങിനെ മാറ്റിമറിക്കുമെന്ന കാര്യത്തില്‍ ഇരുമുന്നണികള്‍ക്കും ഒരു പോലെ ആശങ്കയുമുണ്ട്.