Asianet News MalayalamAsianet News Malayalam

കാലിക്കറ്റ് സർവകലാശാലയിൽ എ എൻ ഷംസീറിന്‍റെ ഭാര്യയ്ക്ക് നിയമനം നൽകാൻ വഴി വിട്ട നീക്കം?

കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന ഇന്‍റര്‍വ്യൂവില്‍ അപാകത ആരോപിച്ചാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണക്ക് പരാതി നല്‍കിയത്. 

a n shamseer wife appointment in calicut university controversy
Author
Kozhikode, First Published Jan 25, 2021, 4:24 PM IST

കോഴിക്കോട്: എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ പി എം ഷഹലയ്ക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമനം നല്‍കാന്‍ വഴിവിട്ട നീക്കമെന്ന് കാട്ടി ഗവര്‍ണര്‍ക്ക് പരാതി. ഷഹലയുടെ റിസര്‍ച്ച് ഗൈഡായിരുന്ന അധ്യാപകനെ ഇന്‍റർവ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് തെറ്റെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എസ്എഫ്ഐ മുന്‍ നേതാവും സിപിഎം മങ്കട ഏരിയാ സെക്രട്ടറിയുമായ പി.കെ അബ്ദുളള നവാസിന്‍റെ ഭാര്യ ഡോ. റീഷ കാരാളിയ്ക്കും യോഗ്യരായവരെ മറികടന്ന് നിയമനം നല്‍കാന്‍ നീക്കം നടക്കുന്നുവെന്നും പരാതിയിലുണ്ട്.

കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന ഇന്‍റര്‍വ്യൂവില്‍ അപാകത ആരോപിച്ചാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണക്ക് പരാതി നല്‍കിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇന്‍റര്‍വ്യൂ. രണ്ട് ഒഴിവുകളാണ് ഈ തസ്തികയിലുളളത്. യോഗ്യതയുളളവരെ മറികടന്ന് സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് നിയമനം നല്‍കാന്‍ നീക്കം നടക്കുന്നു എന്നാണ് പരാതി. 

ഇന്‍റര്‍വ്യൂവിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റില്‍ അബ്ദുളള നവാസിന്‍റെ ഭാര്യ റീഷ ഒന്നാമതും ഷംസീറിന്‍റെ ഭാര്യ ഷഹല മൂന്നാമതുമാണ്. ഷഹലയ്ക്ക് നിയമനം നല്‍കാനായി ഷഹലയുടെ റിസര്‍ച്ച് ഗൈഡായിരുന്ന ഡോ. പി കേളുവിനെ ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതു സംബന്ധിച്ചാണ് പ്രധാന പരാതി. എഡ്യൂക്കേഷൻ വകുപ്പ് മേധാവി തന്നെ ഇന്റർവ്യൂ ബോർഡിലുള്ളപ്പോഴാണ് അവിടെ നിന്ന് വിരമിച്ച അധ്യാപകനെ വിഷയ വിദഗ്ധൻ എന്ന നിലയില്‍ ബോർഡിൽ ഉൾപ്പെടുത്തിയത്. 

ഗവേഷണ മേൽനോട്ടം വഹിച്ച വ്യക്തി ഗവേഷക വിദ്യാർഥി പങ്കെടുക്കുന്ന ഇന്റർവ്യൂവിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാറാണ് പതിവെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയുടെ പരാതിയില്‍ പറയുന്നു. ഈ മാസം 30- ന് ചേരുന്ന സിന്‍ഡിക്കറ്റ് യോഗം നിയമനത്തിന് അംഗീകാരം നല്‍കുമെന്നാണ് സൂചന. കാലിക്കറ്റ് സര്‍വകലാശാലയില്‍ 126 ഓളം അധ്യാപക തസ്തികകളില്‍ ഉടന്‍ നിയമനം നടക്കുമെന്നും ഇവിടെയെല്ലാം ഇഷ്ടക്കാരെ തിരുകി കയറ്റാനാണ് നീക്കമെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയിലുണ്ട്. 

നേരത്തെ ഷംസീറിന്‍റെ ഭാര്യ ഷഹലയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നല്‍കിയ നിയമനം വിവാദമാവുകയും നിയമനം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍, റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഇപ്പോള്‍ ഉയരുന്ന ആക്ഷേപങ്ങളില്‍ അടിസ്ഥാനമില്ലെന്നും വൈസ് ചാന്‍സലര്‍ ഡോ. എം.കെ ജയരാജ് പറഞ്ഞു. ഉദ്യോഗാര്‍ത്ഥിയുടെ റിസര്‍ച്ച് ഗൈഡായിരുന്ന വ്യക്തിയെ ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതില്‍ അപാകതയില്ലെന്നും വിസി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios