Asianet News MalayalamAsianet News Malayalam

പിണറായിയെന്ന 'സേതു'വിന്‍റെ പിന്നാലെ നടക്കുന്ന 'ഹൈദ്രോസാ'ണ് രാഹുൽ: പരിഹസിച്ച് ഷംസീ‍ർ

"രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്ന് വെല്ലുവിളിച്ചു മോദിയെ. കാരണം എന്താ, ഇവിടെ രാഹുല്‍ ഗാന്ധിയെ സംരക്ഷിക്കാന്‍ പിണറായി വിജയനെന്ന സേതുമാധവനുണ്ട്. അല്ലാതെ ഉത്തര്‍പ്രദേശില്‍ പോയി വെല്ലുവിളിക്കുമോ.."

a n shamsir speech in assembly against congress and rahul gandhi
Author
Thiruvananthapuram, First Published Feb 12, 2020, 5:00 PM IST

തിരുവനന്തപുരം: രാഹുല്‍ഗാന്ധി കിരീടം സിനിമയിലെ കൊച്ചിന്‍ ഫനീഫയെപ്പോലെയാണെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എയുടെ പരിഹാസം. വയനാട്ടില്‍ വന്ന് രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ചത് പിണറായി വിജയന്‍ ഇവിടെയുണ്ടെന്ന ധൈര്യത്തിലാണ്. രാഹുല്‍ ഗാന്ധി പ്രസംഗിക്കാന്‍ പോയതുകൊണ്ടാണ് ദില്ലിയില്‍ കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് പോയതെന്നും ഷംസീര്‍ നിയമസഭയില്‍ പറഞ്ഞു. 

പ്രസംഗത്തില്‍ നിന്ന്...

"ഇന്നലെ എഐസിസി ആസ്ഥാനം ചൈനയിലെ വുഹാന്‍ നഗരത്തിന് സമാനമായിരുന്നു. അവിടെ ആരുമില്ല. എല്ലാവരും ഓടി രക്ഷപ്പെട്ടു. അവിടെ ഉണ്ടായിരുന്ന പി സി ചാക്കോയും എ കെആന്‍റണിയും ഓടി ഇങ്ങോട്ട് വന്നു ജനുവരി 30ന് എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാന്‍ കഴിഞ്ഞില്ല സര്‍. ഞാന്‍ ആന്‍റണിയെ കണ്ടു. പത്തു മാസത്തിനു ശേഷം എനിക്ക് ആന്‍റണിയെ കാണാന്‍ സാധിച്ചു ഈ പത്തു മാസത്തിനിടക്ക് എന്തെല്ലാം സംഭവങ്ങളുണ്ടായി. ആന്‍റണിയെ കണ്ടോ. ഇല്ല. പക്ഷേ, ഇവര്‍ സംഘടിപ്പിച്ച ഭൂപടത്തില്‍ പങ്കെടുക്കാനും ഇടതുപക്ഷത്തെ ആക്രമിക്കാനും അദ്ദേഹം വന്നു. അതാണ് അദ്ദേഹത്തിന്‍റെ പ്രത്യേകത.

അതുപോലെ രാഹുല്‍ ഗാന്ധി വന്നു. രാഹുല്‍ ഗാന്ധിയെ കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് കിരീടത്തിലെ ഹൈദ്രോസിനെപ്പോലെയാ. കിരീടത്തിലെ ഹൈദ്രോസ് ആളുകളെ വെല്ലുവിളിക്കും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്ന് വെല്ലുവിളിച്ചു മോദിയെ. കാരണം എന്താ, ഇവിടെ രാഹുല്‍ ഗാന്ധിയെ സംരക്ഷിക്കാന്‍ പിണറായി വിജയനെന്ന സേതുമാധവനുണ്ട്. അല്ലാതെ ഉത്തര്‍പ്രദേശില്‍ പോയി വെല്ലുവിളിക്കുമോ. അവിടെപ്പോയി വെല്ലുവിളിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ആവില്ല, കാരണം പ്രസംഗിക്കാനോ സംരക്ഷണം കൊടുക്കാനോ കോണ്‍ഗ്രസില്ല. 

അതുമാത്രമാണോ. ഇപ്പോ ദില്ലി ഇലക്ഷന്‍ കഴിഞ്ഞു. 66 സീറ്റില്‍ 63 ഇടത്തും കെട്ടിവച്ച കാശ് സര്‍ക്കാരിന് കൊടുത്തു ഇവര്‍.  രാഹുല്‍ ഗാന്ധി ദില്ലിയില്‍ പോയതാണ് കോണ്‍ഗ്രസിന്‍റെ പരാജയത്തിന് കാരണം. അദ്ദേഹം പ്രസംഗിക്കാത്തിടത്ത്, ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് സഖ്യസര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞു. 

ഞാനിപ്പോ ടെന്‍ഷന്‍ വരുമ്പോ കേക്കുന്നത്...എന്‍റെ മൊബൈലിലൊരു വീഡിയോയുണ്ട്. എന്താന്നറിയ്യോ, കുഞ്ഞാലിക്കുട്ടീന്‍റെ പ്രസംഗം. അദ്ദേഹം പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗം. നിങ്ങള്‍ക്കാര്‍ക്കെങ്കിലും ടെന്‍ഷന്‍ ഫ്രീയാകണമെങ്കില്‍ നിങ്ങള്‍ വാട്സാപ്പില്‍ എനിക്ക് ഹായ് അയച്ചാല്‍ ഞാനാ പ്രസംഗം അയച്ചുതരാം. വളരെ മനോഹരമായ പ്രസംഗം. ഏതാ ഭാഷ. ഡോ മുനീര്‍ പറയണം അതേതാണ് ഭാഷ. ഇംഗ്ലീഷാണോ ഹിന്ദിയാണോ മലയാളമാണോ എനിക്ക് മനസ്സിലായിട്ടില്ല. 

ഞങ്ങളെ പരാജയപ്പെടുത്തി ജയിച്ചുപോയവരൊക്കെ എവിടെ. അവര്‍ക്ക് ഒന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്തത്ര ധൈര്യാ. ആദര്‍ശരാഷ്ട്രീയം പണയപ്പെടുത്തി മുന്നോട്ടുപോകുന്നവരല്ല ഞങ്ങളെന്ന് നിങ്ങള്‍ മനസ്സിലാക്കണം. മന്‍മോഹന്‍ സിങ്ങില്ലായിരുന്നെങ്കില്‍ 2004ല്‍ തന്നെ കോണ്‍ഗ്രസ് അകാലചരമമടഞ്ഞേനെ. 

കോണ്‍ഗ്രസ് മീശമാധവനിലെ പുരുഷൂനെപ്പോലെയാ. പട്ടാളക്കാരനാ, വെല്ലുവിളിക്കും. ഒരു കാര്യോമില്ല. നിങ്ങളും ഞങ്ങളുമൊക്കെ ദില്ലീലിപ്പോ ഒരുപോലാ. പ്രതിപക്ഷനേതാവ് മനസ്സിലാക്കണം. പഴയ തഴമ്പ് പറഞ്ഞോണ്ട് കാര്യമില്ല. " എന്ന് ഷംസീർ.

Follow Us:
Download App:
  • android
  • ios