തിരുവനന്തപുരം: ആദ്യം മത്സരിച്ചത് താമര ചിഹ്നത്തിലെന്ന് എ  പി അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയില്‍ പരാമര്‍ശം. നിങ്ങളെന്നെ കോൺഗ്രസ്സാക്കി എന്ന പുസ്തകത്തിലാണ് അബ്ദുള്ളക്കുട്ടി ബാല്യത്തില്‍ താമര ചിഹ്നത്തില്‍ മത്സരിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുന്നത്. എ പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ മാധ്യമ പ്രവർത്തകൻ പി ടി നാസറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

തലയിൽ വരച്ചത് പേൻ തിന്നാലും പോകില്ലല്ലോ. അതവിടക്കിടക്കും. താമര ചിഹ്നത്തിൽ മത്സരിച്ചു ജയിക്കണമെന്ന് അറുവൻപള്ളി അബ്ദുല്ലക്കുട്ടിയുടെ തലയിലെഴുത്താണ്. അപ്പോൾ അങ്ങനെ സംഭവിച്ചല്ലേ പറ്റൂവെന്ന കുറിപ്പോടെയാണ് പി ടി നാസര്‍ അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയിലെ ഒരു ഭാഗം പങ്കുവച്ചിരിക്കുന്നത്.നിങ്ങളെന്നെ കോണ്‍ഗ്രസാക്കി എന്ന പുസ്തകത്തിന്റെ പേജ് 26ലാണ് അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം. 

പരാമര്‍ശം ഇങ്ങനെയാണ്

ഞങ്ങളുടെ വീടിനു ചുറ്റും ധാരാളം കുട്ടികൾ ഉണ്ടായിരുന്നതിനാൽ കൂട്ടുകാർക്ക് പഞ്ഞമുണ്ടായിരുന്നില്ല. സീസൺ അനുസരിച്ചാണ് ഞങ്ങൾ കളികൾ തെരഞ്ഞെടുത്തിരുന്നത്.

ഒരു തെരഞ്ഞെടുപ്പു കാലത്ത് ഞങ്ങൾ തെരഞ്ഞെടുത്ത കളി തെരഞ്ഞെടുപ്പായിരുന്നു. പരിസരത്തുള്ള പല പ്രായത്തിൽ പെട്ട കുട്ടികൾ ഒരുമിച്ചുകൂടി വോട്ടർ മാരായി. ചെമ്പരത്തിപ്പൂവ് ചിഹ്നത്തിൽ ബഷീറും താമര ചിഹ്നത്തിൽ ഞാനുമാണ് മത്സരിച്ചത്. രണ്ടു പെട്ടികളുണ്ടാക്കി അതിനു മുകളിൽ താമരയുടേയും ചെമ്പരത്തിപ്പൂവിന്റെയും ചിത്രങ്ങൾ ഒട്ടിച്ചു വെച്ചു. കമ്മ്യൂണിസ്റ്റപ്പ ചെടിയുടെ ഇലയാണ് ബാലറ്റ് പേപ്പർ. വോട്ടെണ്ണിയപ്പോൾ എനിക്കായിരുന്നു ജയം.

കളിയാണെങ്കിലും ജീവിതത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പു വിജയം അതായിയിരുന്നു. വലിയ ഭൂരിപക്ഷത്തോടെ ജയിച്ച എന്നെ കുട്ടികൾ മാലയൊക്കെ അണിയിച്ച് വീട്ടുവളപ്പിൽ നിന്നും ഇടവഴികളിലൂടെ ആനയിച്ചത് ഇപ്പോഴും ഓർമയുണ്ട്.

രാഷ്ട്രീയ ജീവതത്തിലെ തന്‍റെ മൂന്നാം തട്ടകത്തിലെത്തിയ അബ്ദുള്ളക്കുട്ടി തന്നെ ഒരു ദേശീയ മുസ്ലീമായി കാണണമെന്നായിരുന്നു കഴിഞ്ഞ ദിവസം ബിജെപി അംഗത്വം സ്വീകരിച്ചതിന് ശേഷം പ്രതികരിച്ചത്