ദില്ലി: കേരള സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി എ സമ്പത്തിനെ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം നിയമിച്ചു. ദില്ലിയിലെ കേരള ഹൗസില്‍ സമ്പത്തിന് പ്രത്യേക ഓഫീസും വാഹനവും ലഭ്യമാക്കും. ഇതോടൊപ്പം സമ്പത്തിന്‍റെ ഓഫീസില്‍ രണ്ട് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റുമാരുടെ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. ഇതോടൊപ്പം ഒരു ഡ്രൈവറും പ്യൂണും ഓഫീസില്‍ ഉണ്ടാവും. 

2009 മുതല്‍ 2019 വരെ നീണ്ട പത്ത് വര്‍ഷക്കാലം ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയായി പ്രവര്‍ത്തിച്ച സമ്പത്ത് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടു മാസം തികയും മുന്‍പാണ് സമ്പത്തിന് പുതിയ പദവി നല്‍കി കേരള സര്‍ക്കാര്‍ ദില്ലിയിലേക്ക് അയക്കുന്നത്.